സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടത്താന്‍ സഹായിച്ചെന്ന് ബി.ജെ.പി മാനിഫെസ്റ്റോ; ഒരു നിലപാടെങ്കിലും തുറന്നു സമ്മതിച്ചല്ലോയെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം

single-img
9 April 2019

ബിജെപി പ്രകടനപത്രികയിലെ പിഴവ് ചൂണ്ടിക്കാട്ടി പരിഹാസവുമായി കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റിയെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. പ്രകടനപത്രികയിലെ സ്ത്രീകള്‍ക്കു മാന്യമായ ജീവിതം നല്‍കും എന്ന ഭാഗത്താണു പിഴവു കടന്നുകൂടിയത്.

‘ഞങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വിഭാഗം ഒരുക്കി. സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് അനുകൂലമായ തരത്തില്‍ ശക്തമായ നിയമങ്ങള്‍ ഞങ്ങള്‍ ഒരുക്കി, പ്രത്യേകിച്ച് ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ സമയബന്ധിതമായി അന്വേഷിക്കാന്‍’ എന്നാണ് ബിജെപി തിങ്കളാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയില്‍ അച്ചടിച്ചിരിക്കുന്നത്.

പിന്നാലെ ഇതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരിഹാസവുമായി രംഗത്തെത്തി. പ്രകടനപത്രികയിലെ ഒരു ഭാഗമെങ്കിലും ബിജെപിയുടെ യഥാര്‍ഥ ഉദ്ദേശ്യം പ്രതിഫലിപ്പിച്ചല്ലോ എന്ന് പിഴവ് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടില്‍നിന്നു ട്വീറ്റ് ചെയ്തു. ബിജെപിയുടെ ജുംല മാനിഫെസ്റ്റോ എന്ന ഹാഷ്ടാഗിലാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

ബി.ജെ.പി തങ്ങളുടെ 2014ലെ പ്രകടന പത്രിക പകര്‍ത്തി എഴുതുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും പ്രകടന പത്രികകള്‍ തമ്മിലുള്ള അന്തരം രണ്ടു മാനിഫെസ്റ്റോകളുടേയും പുറം ചട്ടയില്‍ നിന്നും വ്യക്തമാണെന്നും കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോദിയുടെ ചിത്രം മാത്രം നല്‍കി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയും ജനങ്ങള്‍ക്ക് പ്രാധിനിധ്യം നല്‍കി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയും ചൂണ്ടിക്കാട്ടിയായിരുന്നു പട്ടേലിന്റെ പരാമര്‍ശം.

2014ല്‍ ബി.ജെ.പി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടാണ് അധികാരത്തിലേറിയതെന്നും, എന്നാല്‍ അത് പാലിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചൂണ്ടിക്കാട്ടിയിരുന്നു. ഒരോ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ബി.ജെ.പി 4.70 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.