ബീഫ് വിറ്റെന്ന് ആരോപിച്ച് അസമിൽ മുസ്‌ലിം വൃദ്ധന് ക്രൂര മർദ്ദനം; ബലമായി പന്നിയിറച്ചി കഴിപ്പിക്കാനും ശ്രമം

single-img
9 April 2019

ദിസ്‌പൂർ: അസമിൽ ബീഫ് കൈവശം വച്ചെന്നും വിറ്റെന്നും ആരോപിച്ചുകൊണ്ട് ആൾക്കൂട്ടം മുസ്‌ലിം വൃദ്ധനെ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തോടൊപ്പം തന്നെ ചെറിയ പാക്കറ്റിലുളള പന്നി മാംസം കഴിക്കാൻ ഇയാളെ ഒരു കൂട്ടം ആളുകൾ നിർബന്ധിക്കുകയും ചെയ്തു. അസമിലെ ബിശ്വനാഥ് ചരിയാലിയില്‍ 35 വര്‍ഷത്തോളമായി ഹോട്ടല്‍ നടത്തുന്ന 68 കാരനായ ഷൗക്കത്തലിയാണ് ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും ഇരയായത്.

അക്രമകാരികളായ ആൾക്കൂട്ടം’ നിങ്ങൾ ബംഗ്ലാദേശുകാരനാണോ, നിങ്ങൾക്കു ബീഫ് കൈവശം വയ്ക്കാനും വിൽക്കാനും ലൈൻസൻസ് ഉണ്ടോ? തുടങ്ങിയ ആക്രോശങ്ങളുമായി ഇയാളെ വളയുകയായിരുന്നു. ഇവരുടെ മർദനത്തിൽ വീണു പോയ വൃദ്ധനെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. മർദ്ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അക്രമകാരികൾ, ‘നിങ്ങൾ ബംഗ്ലാദേശിയാണോ? പൗരത്വരേഖയുണ്ടോ?’ എന്നു ചോദിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

മർദ്ദനത്തോടൊപ്പം പന്നി മാംസം തീറ്റിക്കാന്‍ ശ്രമിക്കുന്നതും പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ കാണാം. സംഭവത്തില്‍ ഷൗക്കത്തലിയുടെ ബന്ധുവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി കഛാര്‍ പോലിസ് സൂപ്രണ്ട് രാകേഷ് റോഷൻ പറഞ്ഞു.