കൊച്ചിയിലും മലപ്പുറത്തും വാഹനപകടം; നാല് മരണം

single-img
9 April 2019

എറണാകുളം ജില്ലയില്‍ രണ്ടിടത്തായി നടന്ന വാഹനാപകടങ്ങളില്‍ മൂന്ന് മരണം. നെട്ടൂരിലും മരടിലുമാണ് അപകടം ഉണ്ടായത്. നെട്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് പിന്നില്‍ ലോറി ഇടിച്ചു രണ്ടു പേര്‍ മരിച്ചു. കന്യാകുമാരി സ്വദേശികളായ വര്‍ഗീസ് ജോണ്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി വന്ന ഇവരുടെ ലോറി മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയെയും മറ്റൊരു വാഹനത്തെയും ഇടിക്കുകയായിരുന്നു.

അതിനിടെ മരടില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുമ്പില്‍ ഉണ്ടായ അപകടത്തില്‍ വണ്ടിപ്പെരിയാര്‍ പഴയ പാമ്പനാര്‍ സ്വദേശി രമേശന്‍ പി കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവറെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് പനങ്ങാങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. അരക്കുപറമ്പ് മാട്ടറ ഹംസക്കുട്ടിയുടെ മകള്‍ ഹര്‍ഷീന (17) ആണ് ഇന്നുരാവിലെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ഹംസകുട്ടിയും മകന്‍ എട്ടു വയസുകാരന്‍ ബാദുഷയും ഇന്നലെ മരിച്ചിരുന്നു. ഹംസക്കുട്ടിയുടെ ഭാര്യയുടെ നില ഗുരുതരമാണ്. കാര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇടതുഭാഗത്തേക്ക് തെന്നിമാറിയ കാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറികള്‍ തമ്മിലും കൂട്ടിയിടിച്ചു.