ബി.ജെ.പി ഓഫീസിലേക്ക് കൊണ്ടുവന്ന എട്ട് കോടി രൂപ പിടിച്ചെടുത്തു; റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് ബി.ജെ.പി

single-img
9 April 2019

ബി.ജെ.പി തെലങ്കാന സംസ്ഥാന ഓഫീസിലേക്ക് കൊണ്ടുവന്ന എട്ട് കോടി രൂപ പിടിച്ചെടുത്തു. കാറില്‍ എത്തിയ രണ്ടുപേരില്‍ നിന്നാണ് തുക പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം നാരായണഗുണ്ട നഗറില്‍ വെച്ച് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും 2 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ബി.ജെ.പി ഓഫീസ് അസിസ്റ്റന്റ് എന്‍. ഗോപി ഏല്‍പ്പിച്ച തുകയാണ് ഇതെന്ന് ഇവര്‍ മൊഴി നല്‍കി. ബാങ്കില്‍ നിന്നും പിന്‍വലിച്ച തുകയും ഇതിനൊപ്പമുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ ഇയാളുമായി പൊലീസ് സംഘം ബാങ്കില്‍ എത്തി.

ബി.ജെ.പി നേതാവായ ഗോപി ആറ് കോടി രൂപ തൊട്ടു മുന്‍പ് പിന്‍വലിച്ചതായി കണ്ടെത്തി. ഈ തുകയും മറ്റ് ചിലരുടെ കൈവശം ഏല്‍പ്പിച്ചതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ബാങ്കില്‍ നിന്നും ഇത്രയും തുക പിന്‍വലിച്ചതെന്നും തുകയുടെ ഉറവിടവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ തെലങ്കാന രാഷ്ട്ര സമിതിയാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. ഓഫീസ് അക്കൗണ്ടില്‍ നിന്നാണ് തുക പിന്‍വലിച്ചതെന്നും തുക ഓഫീസിലേക്ക് കൊണ്ടും വരും വഴി പൊലീസ് തങ്ങളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് ചില നേതാക്കള്‍ പറയുന്നത്.