സര്‍വേ നാടകങ്ങളില്‍ നിഴലിക്കുന്നത് മാധ്യമ രാഷ്ട്രീയം തന്നെ! വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ച പാലക്കാട്ട് പഴയ കലിപ്പ് തീര്‍ക്കാന്‍ കോണ്‍ഗ്രസിനെ മൂന്നാമതാക്കി; ശ്രേയാംസ് കുമാറിന്‍റെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി കഷ്ടിച്ച് ജയിച്ചാലായി ! പത്തനംതിട്ടയില്‍ 8 % വോട്ട് കാണാനില്ല ? പരിഭവം ഒഴിവാക്കാന്‍ സാക്ഷാല്‍ ഓ രാജഗോപാല്‍ നോക്കിയിട്ട് കിട്ടാത്ത തിരുവനന്തപുരം കുമ്മനത്തിനും കൊടുത്തു

single-img
9 April 2019

തിരുവനന്തപുരം: പ്രതിദിനം മാറിമറിയുന്ന തെരഞ്ഞെടുപ്പ് ട്രെന്റുകള്‍ക്കിടെ മാസങ്ങള്‍ക്ക് മുമ്പെടുത്ത തട്ടിക്കൂട്ടിയ അഭിപ്രായ സര്‍വേകള്‍ തെരഞ്ഞെടുപ്പ് ചിത്രത്തെ മാറ്റിമറിയ്ക്കുന്നതായി ആക്ഷേപം.

സര്‍വ്വേ നടത്തുന്ന സ്ഥാപനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധമാണ് പല സര്‍വേ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഇന്നലെ പുറത്തുവന്ന പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് തന്നെ ഉദാഹരണം.

ഈ മാധ്യമ ഗ്രൂപ്പിന്റെ മേധാവിയായ എം പി വീരേന്ദ്രകുമാര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 1.05 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ട പാലക്കാട് മണ്ടലത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഏറ്റവും കൗതുകകരം.

ഇവിടെ മൂന്ന്‍ മുന്നണികളെയും ഒപ്പത്തിനൊപ്പം നിര്‍ത്തിയശേഷം ഒരു ശതമാനം വ്യത്യാസത്തിന് ബി ജെ പി സ്ഥാനാര്‍ഥിയെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നതാണ് കൗതുകം.

യു ഡി എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താണെന്നതിനേക്കാള്‍ കൗതുകകരം പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പി രണ്ടാം സ്ഥാനത്താണെന്നതാണ്. സര്‍വേ റിപ്പോര്‍ട്ട് കണ്ട ബി ജെ പിക്കാര്‍ പോലും ചിരിച്ചു തലയില്‍ കൈവയ്ക്കുന്നതാണ് അവലോകനം.

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പി സ്വാധീനമുള്ള നിയോജക മണ്ഡലം പാലക്കാടാണ്. മലമ്പുഴയിലും മോശമല്ലാത്ത സ്വാധീനമുണ്ട്. ബാക്കി 5 മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെ വോട്ട് ശരാശരിയില്‍ ബി ജെ പി ബഹുദൂരം പിന്നിലാണ്.

ആ സ്ഥാനത്താണ് പാലക്കാട്ടെ പ്രാദേശിക നേതാവ് മത്സരിക്കുന്ന മണ്ഡലത്തില്‍ ബി ജെ പിയെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. പറഞ്ഞു നില്‍ക്കാന്‍ ഒരു ശതമാനം മാത്രം വ്യതിയാനം നല്‍കിയിരിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് യു ഡി എഫിന്റെ ഭാഗമായിരുന്ന വീരേന്ദ്രകുമാര്‍ മത്സരിക്കാന്‍ വടകരയോ കോഴിക്കോടോ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അനുവദിച്ചത് ജയസാധ്യതയില്ലാത്ത പാലക്കാടായിരുന്നു. അവിടെ തോറ്റത് 105000 വോട്ടുകള്‍ക്കായിരുന്നു. അത് കോണ്‍ഗ്രസ് കാലുവാരിയതിനാലായിരുന്നു എന്നാണ് വീരേന്ദ്രകുമാര്‍ ആരോപിച്ചത്.

ഇതേക്കുറിച്ച് പഠിക്കാന്‍ ആര്‍ ബാലകൃഷ്ണപിള്ള അധ്യക്ഷനായ കമ്മീഷനെ യു ഡി എഫ് നിയോഗിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്ഷേപമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഒടുവില്‍ വീരേന്ദ്രകുമാറും പിള്ളയും യു ഡി എഫ് വിട്ടു.

ആ പരാജയത്തിന്റെ വാശി പ്രതിഫലിക്കുന്നതാണ് കഴിഞ്ഞ തവണ ബി ജെ പിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രന്‍ മത്സരിച്ചിട്ട് ആകെ 136541 വോട്ടുകള്‍ കിട്ടിയിടത്ത് ഇത്തവണ ബി ജെ പിയെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. അതേസമയം, യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ളത് 5 % മാത്രം വ്യത്യാസമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വി കെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായി വരുന്നതിന് ശേഷം പാലക്കാട് യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ളത് ശക്തമായ മത്സരമാണ്. എം ബി രാജേഷിന് നെഗറ്റീവ് വിഷയങ്ങള്‍ ധാരാളം. പക്ഷെ വിജയം പ്രവചനാതീതം തന്നെ.

ഇതുപോലെ തന്നെ വീരേന്ദ്രകുമാറിന്റെയും ജനതാദളിന്റെയും താല്പര്യങ്ങള്‍ പ്രതിഫലിക്കുന്നതാണ് വടകരയില്‍ സര്‍വേ ഫലത്തില്‍ ഇടത് മുന്നേറ്റം. ജനതാദളിന്റെ ‘ശക്തികേന്ദ്രമായ’ വടകരയില്‍ ദള്‍ മുന്നണിയിലെത്തിയതോടെ എല്‍ ഡി എഫ് വിജയം ഉറപ്പെന്ന് സ്ഥാപിക്കുന്നതാണ് സര്‍വേ വിലയിരുത്തല്‍.

പത്തനംതിട്ടയിലാണെങ്കില്‍ ഒരു സര്‍വ്വെ കഴിഞ്ഞപ്പോള്‍ 8 % വോട്ടുകള്‍ക്ക് കണക്കില്ലത്രെ. അതുകൂടി കൂട്ടിക്കുഴയ്ക്കാന്‍ മറന്നുപോയത്രേ.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് സീറ്റില്‍ ഇന്നലത്തെ സര്‍വ്വേയില്‍ രാഹുലും ഇടത് സ്ഥാനാര്‍ഥിയും തമ്മിലുള്ളത് 8 % വ്യത്യാസം മാത്രം ! വീരേന്ദ്രകുമാറിന്റെയും മകന്‍ ശ്രേയാംസ് കുമാറിന്റെയും സ്വന്തം നാടായ വയനാട്ടില്‍ ദള്‍ പിന്തുണയില്‍ ഇടതുപക്ഷം മുന്നേറ്റം നടത്തുമെന്ന് സ്വന്തം പത്രത്തിന്റെ സര്‍വെയില്‍ പറയുന്നു. ‘ഭാഗ്യത്തിന്’ അവിടെ മാത്രം ദള്‍ പിന്തുണ ഉണ്ടെങ്കിലും ഇടതുവിജയം പ്രവചിക്കുന്നില്ല.

അത് തന്നെയാണ് ആലത്തൂരിലെ ഫലത്തിലും പ്രവചിക്കുന്നത്. ആലത്തൂരില്‍ ആര് വിജയിക്കുമെന്ന് കാസര്‍കോടും തിരുവനന്തപുരത്തും ഉള്ളവരോട് ചോദിച്ചാല്‍ കൃത്യമായ ഉത്തരം ലഭിക്കും. പക്ഷേ, അവിടെ ഇടതുപക്ഷത്തിന് വന്‍ വിജയമാണ് സര്‍വേ വിലയിരുത്തല്‍.

മറ്റൊരു കൌതുകം തിരുവനന്തപുരത്താണ്. പ്രമുഖ മാധ്യമങ്ങളുടെയൊക്കെ സര്‍വെയില്‍ ഒരെണ്ണം ബി ജെ പിയ്ക്ക് നീക്കി വച്ചിട്ടുണ്ട്. അവരുടെ അപ്രീതി സമ്പാദിക്കാന്‍ ഈ മാധ്യമ സ്ഥാപനങ്ങള്‍ ഒരുക്കമല്ല.

ഓ രാജഗോപാലിനെപ്പോലെ ബി ജെ പിയ്ക്ക് പുറത്ത് നിഷ്പക്ഷ വോട്ടുകള്‍ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് മത്സരിച്ചിടത്ത് വിജയിക്കാന്‍ പറ്റാതിരുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെയാണ് ആര്‍ എസ് എസിന്റെ ശക്തനായ നേതാവ് കുമ്മനം രാജശേഖരന്റെ വിജയം പ്രവചിക്കുന്നത്.

ബി ജെ പിയെ എതിര്‍ക്കാത്തവരും ആര്‍ എസ് എസിനെ എതിര്‍ക്കുന്നതാണ് കേരളത്തിലെ സ്ഥിതി. കുമ്മനവും ഓ രാജഗോപാലും തമ്മിലുള്ള താരതമ്യ വിലയിരുത്തല്‍ മാത്രം മതി തിരുവനന്തപുരത്തെ ഫലം വിലയിരുത്താന്‍.

ഈ വിധത്തില്‍ ആകെ അഡ്ജസ്റ്റ്മെന്റ് പ്രവചനങ്ങളായി മാറുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന തെരഞ്ഞെടുപ്പ് സര്‍വേകള്‍. കൃത്യമായി വിലയിരുത്തിയാല്‍ സര്‍വെ നടത്തുന്ന സ്ഥാപനങ്ങളുടെ താല്പര്യങ്ങള്‍ സര്‍വേയില്‍ നിഴലിച്ചു നില്‍ക്കുന്നത് വ്യക്തം.

ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ നില്‍ക്കുമ്പോള്‍ പോരാട്ടത്തിലുള്ള സ്ഥാനാര്‍ഥികളെയും പാര്‍ട്ടികളെയും വിജയിച്ചവരായും തോറ്റവരായും ചിത്രീകരിക്കുന്ന സര്‍വേകള്‍ ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളിയാണ്.

ആകെ സീറ്റുകള്‍ എത്ര വീതം, ആരൊക്കെ എന്ന് പറയുന്നതിന് പകരം ഓരോ സീറ്റുകളും എടുത്ത് പ്രവചിക്കുന്നതാണ് പ്രധാന വെല്ലുവിളി. അത് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ തകിടം മറിയ്ക്കുമെന്ന ആരോപണം ശക്തമാണ്.