അവള്‍ കുടുംബത്തിന് ശാപമെന്ന് വിശ്വാസം; മലപ്പുറത്ത് മുത്തശ്ശി പട്ടിണിക്കിട്ട മൂന്നുവയസ്സുകാരിയെ വേണ്ടെന്ന് കുടുംബം

single-img
9 April 2019

മലപ്പുറം വണ്ടൂരില്‍ മൂന്നുവയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടി. ജുവനൈല്‍ പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനോടുമാണ് ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടിയത്. കുട്ടിയുടെ ശരീരത്തില്‍ നേരത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടക്കും.

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് ചുമത്തുന്നതുള്‍പ്പടെയുള്ള മറ്റു നടപടികളിലേക്ക് കടക്കുക. ഭക്ഷണം നല്‍കാതെയും മറ്റും ഏറെക്കാലമായി കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവില്‍ കുട്ടിയെയും സഹോദരങ്ങളെയും മാതാവിനെയും ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ, ക്രൂരതയ്ക്ക് ഇരയായ മൂന്നുവയസ്സുകാരിയെ വേണ്ടെന്ന് കുടുംബം. കുട്ടിയെ ചൈല്‍ഡ് ലൈനിന് വിട്ടുകൊടുക്കാന്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കുടുംബം സാമ്പത്തിക പരാധീനത കാരണമാണ് കുട്ടിയെ ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തതെന്നും ചൈല്‍ഡ്‌ലൈനിനെ അറിയിച്ചു.

മൂന്നുവയസ്സുകാരിയായ കുട്ടി കുടുംബത്തിന് ശാപമാണെന്ന അന്ധവിശ്വാസമാണ് കുട്ടിയെ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നതിന് കാരണമെന്നാണ് വിവരം. ഈ കുട്ടി വീട്ടില്‍ താമസിച്ചാല്‍ കുടുംബത്തിന് നാശമാണെന്ന് ഏതോ സിദ്ധന്‍ കുടുംബത്തെ വിശ്വസിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇതിനെത്തുടര്‍ന്നാണ് കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചിട്ടതും ഭക്ഷണംനല്‍കാതെ മര്‍ദിച്ചതും. അതേസമയം കഴിഞ്ഞദിവസം ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയ ബാക്കി മൂന്നുകുട്ടികളെയും ഇവരുടെ മാതാവിനെയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.

അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത നാല് കുട്ടികളെ കഴിഞ്ഞദിവസമാണ് ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയത്. ഇവരുടെ മാതാവിനെയും ചൈല്‍ഡ് ലൈന്‍ അഭയകേന്ദ്രത്തിലെത്തിച്ചിരുന്നു. കുട്ടികളുടെ മുത്തശ്ശിയാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ചത്. ഇവരെ സ്‌കൂളിലോ അങ്കണവാടിയിലോ വിട്ടിരുന്നില്ല. ഇതിനിടെ യുവതിയുടെ മാതാവ് കുട്ടികളെ മര്‍ദിക്കുകയും ചെയ്തിരുന്നു.

മുത്തശ്ശി പട്ടിണിക്കിട്ട കുട്ടികളില്‍ മൂന്നുവയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. മെലിഞ്ഞുണങ്ങിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ എല്ലുകള്‍ പൊന്തിയനിലയിലായിരുന്നു.