കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി

single-img
8 April 2019

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവരികയാണെന്നും അതിന് ഉത്തരവാദി സിപിഎം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രില്‍ 16, 17 തീയതികളില്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവും. 16 ന് വയനാട്ടിലും 17ന് കേരളത്തിലെ മറ്റിടങ്ങളിലും തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ബിജെപിക്ക് എതിരായി ജനാധിപത്യ മതേതര പാര്‍ട്ടികളെല്ലാം ഒന്നിക്കണമെന്നും അതില്‍ ഇടതുപക്ഷ കക്ഷികള്‍ ഉണ്ടാകണമെന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. എന്നാല്‍ കേരളത്തിലെ സിപിഎമ്മിന്റെ പിടിവാശി കാരണം അത് നടക്കാതെ പോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇടതുപക്ഷവുമായുള്ള ആശയപരമായ ഏറ്റുമുട്ടല്‍ ഇനിയും തുടരുമെന്നുതന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തനിക്കെതിരെയുള്ള സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് തന്റെ വായില്‍നിന്ന് മറുപടിയുണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് രാഹുല്‍ ഗാന്ധിയുടെ മഹത്വമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.