‘തൃശ്ശൂര്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്; അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റണം’; വര്‍ഗീയ പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസ്

single-img
8 April 2019

തൃശൂര്‍ എന്‍.ഡി.എ കണ്‍വന്‍ഷനില്‍ അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയതിനു പിന്നാലെ ജില്ലാ കലക്ടര്‍ ടി.വി അനുപമക്കെതിരെ വലിയ രീതിയിലുള്ള വര്‍ഗീയ പ്രചാരണമാണ് സംഘപരിവാര്‍ അഴിച്ചുവിടുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ അനുപമ ക്രിസ്ത്യന്‍ ആണെന്ന് പറഞ്ഞ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

ഇതിനുപിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസും രംഗത്തെത്തി. തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളതെന്നും അനുപമ കൃസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റേണ്ടതാണെന്നുമാണ് മോഹന്‍ദാസിന്റെ പരാമര്‍ശം.

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും അതിനാലാണിതെന്നും മോഹന്‍ദാസ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു മോഹന്‍ദാസിന്റെ പരാമര്‍ശം.

കൊച്ചി ദേവസ്വം ബോര്‍ഡിലെ ഒരു സീനിയര്‍ തസ്തികയില്‍ ഇരിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ് മുസ്ലിം ആണെന്നും അവര്‍ പ്രാക്ടീസിങ് ഹിന്ദുവാണോ എന്ന് സംശയമുണ്ട്. പക്ഷേ അവര്‍ കമ്മീഷണര്‍ വരെ എത്തിയേക്കുമെന്നും മറ്റൊരു ട്വീറ്റും മോഹന്‍ദാസ് നടത്തിയിട്ടുണ്ട്.