കാർഷിക പ്രശ്നങ്ങളില്‍ രാഹുല്‍ ഗാന്ധിയോട് പത്ത് ചോദ്യങ്ങള്‍; വയനാട്ടില്‍ രാഹുൽ ഗാന്ധിക്കെതിരെ കർഷകരെ അണിനിരത്തി ലോംഗ് മാർച്ചിന് ഒരുങ്ങി ഇടത് മുന്നണി

single-img
8 April 2019

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്നും ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കർഷകരെ അണിനിരത്തി ലോംഗ് മാർച്ചിന് ഒരുങ്ങി ഇടത് മുന്നണി. വയനാട് മണ്ഡലത്തിലെ പുല്‍പ്പളളിയിലും നിലമ്പൂരിലുമാണ് ഇടത് മുന്നണി പ്രതീകാത്മക ലോംഗ് മാർച്ച് നടത്തുക
കാര്‍ഷിക പ്രശ്നങ്ങളെ അധിഷ്ടിതമാക്കി രാഹുല്‍ ഗാന്ധിയോട് പത്ത് ചോദ്യങ്ങളുമായാണ് പ്രതീകാത്മക ലോംഗ് മാര്‍ച്ച് നടത്താൻ ഒരുങ്ങുന്നത്.

ഈ മാസം 12,13 തീയതികളില്‍ പുല്‍പ്പളളിയിലും നിലമ്പൂരിലുമായി നടത്തുന്ന ലോംഗ് മാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഉദാരവത്കരണ നയങ്ങളെ തുടർന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നാണ് ഇടതുമുന്നണി ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

അതേസമയം കർഷകരുടെ പ്രശ്നങ്ങളിൽ സിപിഎമ്മിന് രാഹുലിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. കാര്‍ഷിക മൊറട്ടോറിയം പോലുള്ള നടപടികളിലൂടെ കർഷകരെ കൂടതൽ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതു സര്‍ക്കാരിന്‍റെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.