ചതിക്കപ്പെട്ട് ഖത്തറില്‍ എത്തിയ മലയാളി യുവതിക്ക് രക്ഷയായി പ്രവാസി മലയാളി

single-img
8 April 2019

ആശുപത്രി ജോലിക്കെന്ന പേരില്‍ കൊണ്ടു വന്ന് വീട്ടുജോലിക്കെത്തിച്ച യുവതിയെ രക്ഷപ്പെടുത്തി യാത്രയാക്കിയ ഹൃദയം തൊടുന്ന അനുഭവം പങ്കുവെച്ച് ഖത്തറിലെ പ്രവാസി. പ്രവാസി സംഘടനാ നേതാവായ പി.കെ നൗഫലാണ് ഫേസ്ബുക്കില്‍ യുവതിയെ രക്ഷപ്പെടുത്തി നാട്ടിലേക്കെത്തിച്ച അനുഭവം കുറിപ്പിലൂടെ പങ്കുവെച്ചത്.

പത്തനംതിട്ട ജില്ലയിലെ പന്തളത്തു നിന്നുള്ള യുവതിയാണ് ട്രാവല്‍ ഏജന്‍സി ചതിച്ചതിനെ തുടര്‍ന്ന് ഖത്തറില്‍ വീട്ടുജോലിയെടുക്കാന്‍ നിര്‍ബന്ധിതയായത്. ഖത്തറിലെ ഹൈദരാബാദി കുടുംബത്തിലായിരുന്നു യുവതി വീട്ടുജോലിക്കായി എത്തിയിരുന്നത്.

ഹൈദരാബാദി കുടുംബം ഒരു തരത്തിലും യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും യുവതിയെ യാത്രയാക്കാന്‍ നേരം ഒരു ബാഗ് മുഴുവന്‍ ചോക്കലേറ്റ്, മൊബൈല്‍, യുവതി ജോലി ചെയ്തതിനു മാന്യമായ ശമ്പളം എന്നിവ നല്‍കിയെന്ന് കുറിപ്പില്‍ പറയുന്നു. പോവാന്‍ സമയം മൈലാഞ്ചി അണിയിച്ചാണ് യുവതിയെ യാത്രയയച്ചതെന്ന് നൗഫല്‍ സന്തോഷത്തോടെ കുറിപ്പില്‍ പങ്കുവെക്കുന്നു.

നൗഫലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഒരാഴ്ച മുൻപ് നാട്ടിലെ പരിചയമില്ലാത്ത ഒരു നമ്പറീൽ നിന്ന്‘ നൌഫൽ അല്ലേ’ എന്നു ചോദിച്ചിട്ട് ഒരു കോൾ.

‘അതേ‘ എന്നു മറുപടി പറഞ്ഞു.

|ഞാൻ പത്തനംതിട്ട ജില്ലയിലെ പന്തളത്തു നിന്നാണ്. പേര് ‘എക്സ്’ എന്റെ സഹോദരി ഒരു ട്രാപ്പിൽ പെട്ട് ഖത്തറിൽ എത്തിയിട്ടുണ്ട്. ഹോസ്പിറ്റലിൽ ജോലി എന്ന് വാഗ്ദാനം നൽകി, 65000 രൂപയും വാങ്ങി ട്രാവൽ‌സുകാർ ഇവിടെ നിന്ന് സഹോദരിയെ ഖത്തറിലേക്ക് കൊണ്ട് പോയി. പക്ഷെ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് കൊണ്ടുപോയത് ഹോസ്പിറ്റലിലേക്കല്ല, വീട്ട് ജോലിക്കാണു എന്ന്. എങ്ങിനെയെങ്കിലും എന്റെ പെങ്ങളെ രക്ഷിക്കണം. ഖത്തറിലാണെന്ന് പറഞ്ഞപ്പോൾ സാഹിബിന്റെ നമ്പർ ആരോ തന്നതാണു” അയാൾ ആകെ പരവശനായിരുന്നു.

ഞാൻ പറഞ്ഞു ‘ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ. ഇവിടെയുള്ള സോഷ്യൽ ഫോറം നേതൃത്വത്തോട് വിഷയം അവതരിപ്പിച്ച് എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് നോക്കട്ടെ. ഒരു കാര്യം ഉറപ്പു നൽകുന്നു. സഹോദരിക്ക് ഒന്നും സംഭവിക്കില്ല”

ഇതും പറഞ്ഞ് ഫോൺ വെക്കുന്നതിനു മുൻപ് തന്നെ ഒരു ലോക്കൽ നമ്പറിൽ നിന്ന് മിസ് കോളുകൾ വന്നിരുന്നു. ഞാൻ ഉടനെ തിരിച്ചു വിളിച്ചു. പ്രതീക്ഷ തെറ്റിയില്ല. ആ വ്യക്തിയുടെ സഹോദരി തന്നെ.

‘ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. എന്നെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണു ട്രാവൽ‌സുകാർ കാശും വാങ്ങി കയറ്റി അയച്ചത്. പക്ഷെ ഇവിടെ എത്തിയപ്പോഴാണു അറീയുന്നത് ആശുപത്രിയിലേക്കല്ല. വീട്ടിലേക്കാണു എന്ന്. എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. എന്നെ സഹായിക്കുമോ” ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞു നിർത്തി..

ആദ്യം ഞാനവരെ ആശ്വാസിപ്പിച്ചു. ഒന്നും സംഭവിക്കില്ല എന്ന് ആത്മവിശ്വാസം കൊടുത്തു.

ഏത് വീടാണെന്ന് ചോദിച്ചപ്പോൾ “ ഹൈദരാബാദിയുടെ വീടാണ്. വീട്ടുകാർ കുഴപ്പമില്ല. അമാന്യമായി പെരുമാറിയിട്ടില്ല, പക്ഷെ എനിക്ക് വീട്ട് ജോലിക്ക് നിൽക്കണ്ട” എന്നായിരുന്നു മറുപടി..

ഞാനുടനെ വിശദവിവരങ്ങൾ സോഷ്യൽ ഫോറം / ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം നേതാക്കളെ ധരിപ്പിച്ചു. അവർ അപ്പോൾ തന്നെ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ട് ‘ചെയ്യേണ്ടത് ചെയ്യാൻ’ പറഞ്ഞു. എന്നെ ലീഡ് ചെയ്യാൻ സോഷ്യൽ ഫോറം സംസ്ഥാന കമ്മറ്റി അംഗം അഷറഫ് സാഹിബിനെ നിശ്ചയിച്ച് തന്നു.

അങ്ങിനെ ഞങ്ങൾ രണ്ട് പേരും കൂടെ അവരെ ഇങ്ങോട്ട് കൊണ്ടുവന്ന ഖത്തറിൽ ഉള്ളവരുമായി ബന്ധപ്പെട്ടു.

അവർ 2 പേർ ഉണ്ടായിരുന്നു. ഫ്രോഡുകൾ ഒന്നും ആയിരുന്നില്ല അവർ. ഇടത്തരം ജോലി ചെയ്യുന്നവർ. ചെറിയൊരു സാമ്പത്തിക നേട്ടം. അത്രമാത്രം ആയിരുന്നു ലക്ഷ്യം. മാത്രമല്ല വീട്ട് ജോലിക്കാണു ആളെ വെണ്ടത് എന്ന് നാട്ടിലെ ട്രാവൽ‌സുകാരോട് വ്യക്തമായി പറഞ്ഞിരുന്നു എന്നും പറഞ്ഞു. (പണി ഒപ്പിച്ചത് ട്രാവൽ ഏജന്റാണ്. വീട്ട് ജോലിക്കാണെന്ന് പറഞ്ഞാൽ ഉണ്ടാകാവുന്ന നിയമ കടമ്പകൾ ഒഴിവാക്കാൻ അയാൾ അതികൃതരെയും ഈ സ്ത്രീയെയും കുടുംബക്കാരെയും പറ്റിക്കുകയായിരുന്നു)

“ആരുടെ ഭാഗത്താണ് തെറ്റ് എന്നത് നിങ്ങൾ തമ്മിലുള്ള വിഷയം. ഇവിടെ ഇപ്പോൾ ആ സ്ത്രീ ചതിക്കപ്പെട്ടിരിക്കുന്നു. അവർക്ക് നീതി കിട്ടണം. അത് മാത്രമാണു ഇവിടെ ഉണ്ടാകേണ്ടത്” എന്ന് ഞങ്ങൾ ഇവിടെയുള്ളവരോട് പറഞ്ഞു.

മാത്രമല്ല എന്തെങ്കിലും അനർത്ഥങ്ങൾ ഉണ്ടായാൽ, ദിവസങ്ങൾ നീണ്ടു പോയാൽ അതിന്റെ വരും‌വരായ്കകൾ, നിയമകുരുക്കുകൾ ഇതൊക്കെ ഇവരെ രണ്ട് പേരെയും ‘സോഷ്യൽ ഫോറം’ അസ്ഥിത്വം പറഞ്ഞുകൊണ്ടു തന്നെ ഉണർത്തി..

അവർക്കത് ബോധ്യപ്പെടുകയും ചെയ്തു. എത്രയും പെട്ടെന്ന് അവരെ കയറ്റി അയക്കാം എന്നു അവർ ഉറപ്പു നൽകി.

ഇത് ആ സ്ത്രീയെയും അവരുടെ സഹോദരനെയും വിളിച്ച് അറിയിച്ചു. അതോടെ അവർക്ക് ആശ്വാസം ആയി.

അതിന്റെ തുടർച്ചയായി എല്ലാ ദിവസവും ഈ 2 പെരുമായും ആ സ്ത്രീയുമായും അവരുടെ ഭർത്താവ്, സഹോദരൻ എന്നിവരുമായി ബന്ധപ്പെട്ടു വിഷയം അപ്‌ഡേറ്റ് ചെയ്തു.

ഒരു ദിവസം മുൻപ് എന്റെ വാട്സ്‌ആപ്പിലേക്ക് അവർ ടിക്കറ്റ് അയച്ച് തന്നു. ആ വീട്ടുകാരിൽ നിന്ന് ഇവർ വാങ്ങിയ തുക തിരിച്ചുകൊടുത്തു വിസ കാൻസലാക്കി.

അല്ലാഹുവിനു സ്തുതി..
ആ സ്ത്രീ ഇന്ന് സന്തോഷത്തോടെ തിരിച്ചു വിമാനം കയറി.

വീട്ടിൽ നിന്നിറങ്ങുമ്പോഴും വിമാനത്തിൽ കയറൂമ്പോഴും എനിക്ക് വിളിച്ചിരുന്നു. വളരേയേറെ നന്ദി പറഞ്ഞു. നന്ദി അല്ലാഹുവിനും പിന്നെ ഈ കർമ്മത്തിനു ഞങ്ങളെ പ്രാപ്തരാക്കിയ പ്രസ്ഥാനത്തിനും നൽകുന്നു എന്നു ഞാൻ മറുപടി നൽകി.

എന്നെ ഏറെ സന്തോഷിപ്പിച്ചത് ആ ഹൈദരാബാദി വീട്ടുകാരുടെ പ്രതികരണം ആയിരുന്നു. അവർ വെറും ഒരാഴ്ച കാലത്തെ ഈ സ്ത്രീയുടെ സാന്നിദ്ധ്യത്തിനു മാന്യമായി ട്രീറ്റ് ചെയ്താണ് ഇവരെ പറഞ്ഞയച്ചത്. ഒരു ബാഗ് മുഴുവനും ലാഗേജ്, വീട്ടിലെ മക്കൾക്ക് ചോക്കലേറ്റ്. ഒരു മോബൈൽ, മാത്രമല്ല ഇത്ര ദിവസം ജോലി ചെയ്തതിനു മാന്യമായ ശമ്പളവും നൽകി, മെഹന്തി ഒക്കെ ഇട്ടിട്ടാണു ഇവരെ യാത്രയയച്ചത്.

താല്പര്യം ഉണ്ടെങ്കിൽ റമദാനിൽ വരുമോ, വിസ അയച്ചു തരാം എന്ന വാഗ്ദനം അവർ നൽകിയത്രെ.

നോക്കട്ടെ.. ഭർത്താവിനോടും സഹോദരനോടും ചോദിച്ചിട്ടു മറുപടി പറയാം എന്ന് അവർ മറൂപടി നൽകിയത്രെ..

എന്തായാലും എല്ലാം ശുഭമായി അവസാനിച്ചതിൽ അല്ലഹുവിനു സ്തുതി..

ഒരാഴ്ച മുൻപ് നാട്ടിലെ പരിചയമില്ലാത്ത ഒരു നമ്പറീൽ നിന്ന്‘ നൌഫൽ അല്ലേ’ എന്നു ചോദിച്ചിട്ട് ഒരു കോൾ. ‘അതേ‘ എന്നു മറുപടി…

Posted by PK Nowfal on Sunday, April 7, 2019