‘നിങ്ങളുടെ കൈയ്യില്‍ ക്യാമറ ഉണ്ടല്ലോ; അതില്‍ ഞാന്‍ പറഞ്ഞ വാചകവുമുണ്ടാകുമല്ലോ; അതില്‍ അത്തരമൊരു വാചകമുണ്ടെങ്കില്‍ കാണിക്കൂ; ഏതിനുമൊരു മര്യാദവേണം: മനോരമയോട് പിണറായി

single-img
8 April 2019

പ്രളയം മനുഷ്യസൃഷ്ടിയെന്ന് വാദിക്കുന്നവര്‍ മാനസികരോഗികളാണെന്ന് താന്‍ പറഞ്ഞുവെന്ന മലയാള മനോരമ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവര്‍ക്ക് രുചിച്ചില്ല എന്നാണ് പറഞ്ഞത്. മാനസിക രോഗികള്‍ എന്ന വാക്ക് മനോരമയ്ക്ക് എവിടുന്ന് കിട്ടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘മാനസികരോഗത്തിന്റെ ലക്ഷണം നമുക്ക് അറിയാം. താന്‍ മാനസികരോഗമെന്ന വാക്കേ ഉപയോഗിച്ചിട്ടില്ല. ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്. അതിനവര്‍ കള്ളങ്ങളൊന്നും പടച്ചുണ്ടാക്കുന്നുവെന്ന് തോന്നുന്നില്ല. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും.

നിങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രധാനജോലി ആ കള്ളങ്ങള്‍ സൃഷ്ടിച്ചുകൊടുക്കലാണ്. നിങ്ങളുടെ കൈയ്യില്‍ ക്യാമറയും ഉണ്ടല്ലോ. അതില്‍ ഞാന്‍ പറഞ്ഞ വാചകവുണ്ടാകുമല്ലോ. അതില്‍ അത്തരമൊരു വാചകമുണ്ടെങ്കില്‍ കാണിക്കൂ. ഏതിനുമൊരു മര്യാദവേണം.

എല്‍ഡിഎഫ് നിങ്ങളുടെ കണക്കുകൂട്ടലിനുമപ്പുറം പോകുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് വിഷമമുണ്ടാകുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കണക്കുകള്‍ക്കമനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. അത് നേരത്തെയും കണ്ടിട്ടുണ്ട്.’ മനോരമയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. താനൂരില്‍ പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.