വനിതാ മാധ്യമ പ്രവര്‍ത്തകയോട് രോഷത്തോടെ മോദി; നിങ്ങള്‍ സി.എ.ജിയെ വിശ്വസിക്കുന്നില്ലേ?; ഇന്ത്യന്‍ പാര്‍ലമെന്റിനെ വിശ്വസിക്കുന്നില്ലേ?; സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലേ ….

single-img
8 April 2019

എ.ബി.പി. ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെയാണ് അവതാരകയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊട്ടിത്തെറിച്ചത്. മാധ്യമപ്രവര്‍ത്തകയായ റുബികാ ലിയാഖത്തായിരുന്നു റാഫേലുമായി ബന്ധപ്പെട്ട ചോദ്യം മോദിയോട് ചോദിച്ചത്. ‘റാഫേല്‍ കരാറില്‍ അനില്‍ അംബാനിക്ക് അനുകൂലമായി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നത് കള്ളമാണോ’ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

ചോദ്യം കേട്ടതോടെ ദേഷ്യപ്പെട്ട മോദി നിങ്ങള്‍ക്ക് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലേ എന്നായിരുന്നു തിരിച്ചു ചോദിച്ചത്. ‘എ.ബി.പി ന്യൂസിന് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലെങ്കില്‍ അതിനേക്കാളും വലിയ നിര്‍ഭാഗ്യമില്ല. നിങ്ങള്‍ സി.എ.ജിയെ വിശ്വസിക്കുന്നില്ലേ? ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ? ഇന്ത്യന്‍ പാര്‍ലമെന്റിനെ വിശ്വസിക്കുന്നില്ലേ? എന്നായിരുന്നു മോദി തിരിച്ചുചോദിച്ചത്.

താനുമായി അഭിമുഖം നടത്തുന്നതില്‍ ചാനലിന് ചില അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് തോന്നുന്നതെന്നും മോദി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ ചെയ്ത കര്‍മത്തിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് രാഹുല്‍ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തത്.