മല്യക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യം ലണ്ടന്‍ കോടതി തള്ളി

single-img
8 April 2019

വായ്പാ തട്ടിപ്പിനെ തുടര്‍ന്നു രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയിലേക്ക് മടക്കി അയ്ക്കുന്നതിനെതിരെ വിജയ് മല്യ നല്‍കിയ അപ്പീല്‍ യുകെ ഹൈക്കോടതി തള്ളി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ് അംഗീകരിച്ചതിനെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്.

ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മല്യയ്ക്ക് അവസരമുണ്ട്. ഫെബ്രുവരിയിലാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി വിധി ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്. ജനുവരിയില്‍ മുംബൈയിലെ അഴിമതി വിരുദ്ധ കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയെ തുടര്‍ന്ന് 2018ലെ ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരമായിരുന്നു നടപടി. ഈ നിയമം ചുമത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യ പ്രമുഖ വ്യവസായിയാണ് വിജയ് മല്യ.

മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 9,000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. തുക തിരിച്ചടയ്ക്കാന്‍ തയാറാകാതെ 2016 മാര്‍ച്ചിലാണ് വിജയ് മല്യ രാജ്യംവിട്ടത്. പിന്നീട് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റുചെയ്ത മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഫെബ്രുവരിയിലാണു വിചാരണയ്ക്കായി മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.