‘യക്ഷി’ ശിൽപം ഉണ്ടാക്കിയ കാലത്ത് താനൊരു നക്‌സലാണെന്ന് വരെ ആളുകള്‍ പറഞ്ഞു പരത്തി: കാനായി കുഞ്ഞിരാമന്‍

single-img
8 April 2019

കൊച്ചി : മലമ്പുഴയിലെ വിഖ്യാത ശില്പ്പമായ ‘യക്ഷി’യുടെ പേരില്‍ തനിക്ക് കടുത്ത എതിര്‍പ്പുകളെ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അതിന്‍റെ ശില്പി കാനായി കുഞ്ഞിരാമന്‍. ആ ശില്പത്തിന്റെ പേരില്‍ ചിലരൊക്കെ തല്ലാന്‍ വരെ വന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു ശില്‍പം കേരളത്തിലെ പൊതുസ്ഥലത്ത് നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക എഞ്ചിനീയര്‍മാര്‍ വരെ തന്നോട് പങ്കുവച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

അപ്പോഴും ഇപ്പോഴും താന്‍ ഗാന്ധിയനാണ്. യക്ഷിയെ ഉണ്ടാക്കിയ കാലത്ത് താന്‍ നക്സല്‍ ആണെന്ന് ആരൊക്കെയോ പറഞ്ഞ് പരത്തിയിരുന്നുവെന്നും പിന്നീട് പോലീസെത്തി അന്വേഷിച്ച് ബോധ്യമായ ശേഷമാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എസ് നന്ദഗോപാലിന്റെ ഓര്‍മ്മയില്‍ നാണപ്പ ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലായിരുന്നു കാനായിയുടെ വെളിപ്പെടുത്തല്‍.

കേരളത്തിലെ കലാരംഗത്ത് യക്ഷി വരുത്തിയ മാറ്റം വലുതാണ്‌. വികസിത രാജ്യങ്ങളില്‍ പോലും യക്ഷി പോലെയൊരു ശില്‍പം അക്കാലത്ത് നിര്‍മ്മിക്കാന്‍ സാധ്യമായിരുന്നുവോയെന്ന് സംശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശില്പ്പികള്‍ക്ക് കേരളത്തെക്കള്‍ പറ്റിയ ദേശമില്ല.സൃഷ്ടിയെ കുറിച്ച് വിലയിരുത്തേണ്ടത് കാണുന്ന ജനങ്ങളാണെന്നും കാനായി കൂട്ടിച്ചേര്‍ത്തു.