എല്ലാ മണ്ഡലങ്ങളിലും 5 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണണം: സുപ്രീം കോടതി

single-img
8 April 2019

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവി പാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീംകോടതി. രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും 5 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണണം. ഇപ്പോൾ ഒരു ശതമാനം വിവി പാറ്റ് രസീതുകളാണ് എണ്ണുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത നിലനിർത്താൻ 50 ശതമാനം വിവി പാറ്റ് എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ഹര്ജിയിലായിരുന്നു സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടത്.

വിവിപാറ്റ് അൻപത് ശതമാനം എണ്ണുന്നത് പ്രയോഗികമല്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സ്വീകരിച്ച നിലപാട്. അഥവാ, വിവി പാറ്റ് എണ്ണിയാൽ വോട്ടെണ്ണൽ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അഞ്ച് ദിവസം ഫലം അറിയാൻ കാത്തിരിക്കാൻ തയ്യാറാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ കോടതിയെ അറിയിച്ചത്. ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാൽ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാകും എന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ നിലപാട്. രാജ്യത്ത് ആദ്യ ഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് സുപ്രീംകോടതിയുടെ ഈ നിർണായക തീരുമാനം.