‘കേരളത്തില്‍ ബി.ജെ.പി. നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ; ‘കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണ്’

single-img
8 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം കേരളത്തില്‍ 4 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ. ‘ദ വീക്ക്’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാന്‍ അയ്യപ്പനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

കേരള സര്‍ക്കാരിന്റെ നടപടികള്‍ നേരിടാന്‍ ബി.ജെ.പി. ഒരുക്കമാണെന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും അമിത് ഷാ പറഞ്ഞു. ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുള്‍പ്പെടെ സുപ്രീം കോടതിയുടേതായി നിരവധി നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം നടപ്പില്‍ വരുത്താതെ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു.

ഈ നിര്‍ദേശങ്ങളെല്ലാം നടപ്പില്‍ വരുത്താന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ധൈര്യം ഉണ്ടോ എന്നും ഇതില്‍ ഒരെണ്ണമെങ്കിലും അവര്‍ നടപ്പില്‍ വരുത്തട്ടെ എന്നും അമിത് ഷാ പറഞ്ഞു. ശനി ഷിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ശേഷം, ഇപ്പോള്‍ ശബരിമലയില്‍ അതിനെ എതിര്‍ക്കുന്നതെന്തിനെന്ന് ചോദ്യം വന്നപ്പോള്‍ അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് അമിത് ഷാ പറഞ്ഞത്.