ആലപ്പുഴയില്‍ കാര്‍ കഴുകുന്നതിനിടെ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു

single-img
7 April 2019

വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. ആലപ്പുഴ എ.എൻ.പുരം വാർഡിൽ വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപം ചിറ്റാട്ടിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മക്കൾ മനോജ് ബാലകൃഷ്ണൻ (44), അനിൽ ബാലകൃഷ്ണൻ (51) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. അനിൽ വീടിനോട് ചേർന്ന് ഇരുചക്രവാഹനങ്ങളുടെ സർവ്വീസ് സെന്റർ നടത്തുന്നുണ്ടായിരുന്നു. ഇവിടെ വീട്ടിലെ കാർ കഴുകുന്നിടെയായിരുന്നു അപകടം. കാറിന്റെ മറവിലായി വീണു കിടക്കുകയായിരുന്നു ഇരുവരും.

ഉടനെ തന്നെ ലൈൻമാനെ അറിയിച്ച് ലൈൻ ഓഫാക്കിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മോട്ടോറിന്റെ കംപ്രസറിൽ നിന്നും വൈത്യുതാഘാതമേൽക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ പറയെടുപ്പിനായി പോയ ക്ഷേത്രം ഭാരവാഹികളാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

അതിനിടെ, റാന്നി വെച്ചൂച്ചിറ കുന്നത്ത് 11 കെവി ലൈൻ പൊട്ടി ലോ ടെൻഷൻ ലൈനിൽ വീണതിനെ തുടർന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ ഒരാൾ മരിച്ചു. വെച്ചൂച്ചിറ കുന്നം ചെറുവാഴക്കുന്നേൽ ടി.എം.തോമസ് (66) ആണ് മരിച്ചത്.

11 കെവി ലൈനിൽ പച്ചയോല വീണതിനെ തുടർന്നു തീപിടിത്തമുണ്ടായി. ഓല കത്തി തീർന്നതിനു പിന്നാലെ ലൈൻ പൊട്ടി താഴെയുണ്ടായിരുന്ന എൽടി ലൈനിൽ വീഴുകയായിരുന്നു. തുടർന്നു മേഖലയിലെ വീടുകളിൽ അമിത വൈദ്യുതി പ്രവാഹം ഉണ്ടായി. ഈ സമയം വീട്ടിലുണ്ടായിരുന്നു തോമസ് ഷോക്കേറ്റു വീഴുകയായിരുന്നെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.