അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കുമോ ?

single-img
7 April 2019

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഗാന്ധിനഗര്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന അമിത് ഷാ നാമനിര്‍ദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. അമിത് ഷാക്കെതിരേ നടപടിവേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഗാന്ധിനഗറിലെ പുരയിടത്തിന്റെ വിവരവും മകനുവേണ്ടി ജാമ്യംനിന്ന വായ്പയുടെ വിവരവും അമിത് ഷാ മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇതിനുപുറമേ അമിത്ഷായുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്നും പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് 66.5 ലക്ഷം രൂപയോളം മൂല്യംവരുന്ന വസ്തുവകള്‍ക്ക് വെറും 25 ലക്ഷം മാത്രം മൂല്യമുള്ളുവെന്നാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സത്യവാങ്മൂലത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ചതും വിവരങ്ങള്‍ തെറ്റായി നല്‍കിയതും മനപ്പൂര്‍വ്വമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വ്യാജ സത്യവാങ്മൂലം നല്‍കിയ അമിത് ഷായെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നും അദ്ദേഹത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.