പതിനാലാം വയസിൽ ആദ്യ ക്ലബ്ബ് കരാറിൽ ഒപ്പ് വെച്ച് റൊണാള്‍ഡീഞ്ഞോയുടെ മകന്‍

single-img
7 April 2019

റിയോ ഡി ജനെയ്‌റോ: ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പേരിനൊപ്പമാണ് റൊണാള്‍ഡീഞ്ഞോയുടെ സ്ഥാനം. ഒരൊറ്റ കരിയില കിക്കുകൊണ്ട് ഫുട്‌ബോൾ ലോകത്തിന്റെ മനം കവര്‍ന്ന റൊണാള്‍ഡീഞ്ഞോയുടെ മകനും അച്ഛന്റെ അതേ പാത പിന്തുടരുകയാണ്. ചെറുപ്പം മുതല്‍തന്നെ ഫുട്‌ബോള്‍ പരിശീലിക്കുന്ന ജോ മെന്‍ഡസ് ഇപ്പോൾ ആദ്യ ക്ലബ്ബ് കരാറിലൊപ്പിട്ട് കഴിഞ്ഞു. കേവലം 14കാരനായ മെന്‍ഡസ് ബ്രസീല്‍ ക്ലബ്ബായ ക്രുസീറോ എസ്‌പോര്‍ട്ടോ ക്ലബ്ബുമായാണ് കരാറിലെത്തിയത്.

ഈ കരാർ പ്രകാരം 19വയസുവരെ മെന്‍ഡസിന് ക്ലബ്ബില്‍ തുടരാം. ബ്രസീലിന്റെ ദേശീയ ടീമില്‍ ഇടം സ്വപ്‌നംകണ്ട് വളര്‍ന്നു വരുന്ന മെന്‍ഡസിന് എന്നാൽ അച്ഛന്റെ പേരില്‍ അറിയപ്പെടുന്നതിലും താല്‍പ്പര്യം സ്വന്തം പേരില്‍ വളരാനാണ്. റൊണാള്‍ഡീഞ്ഞോയുടെ പേര് മറച്ചുവെച്ചാണ് ക്ലബ് നടത്തിയ സെലക്ഷന്‍ ക്യാംപില്‍ പങ്കെടുത്തത്. ക്ലബ്ബിന്റെ സെലക്ഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാണ് റൊണാള്‍ഡീഞ്ഞോയുടെ മകനാണെന്ന് വെളിപ്പെടുത്തിയത്.

‘ഒരു ടീം മുഴുവനായി എന്റെ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നു. ആദ്യമായി ക്ലബ്ബിനുവേണ്ടി കളിക്കാന്‍ പോകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്”മെന്‍ഡസ് പറഞ്ഞു.പ്രായം കുറവെങ്കിലും കൂടുതലായുള്ള പക്വതയും മികവുമാണ് മെന്‍ഡസിനെ ടീമിലെത്തിക്കാന്‍ കാരണമായതെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

ഒരു കായികതാരത്തിന് ആവശ്യമായ മികച്ച കായിക ക്ഷമത കാത്ത് സൂക്ഷിക്കുന്നവനാണ് മെന്‍ഡസ്. ആക്രമണകാരിയായ സ്‌ട്രൈക്കറായി മാത്രമല്ല മധ്യനിരയിലേക്കും അവനെ പരിഗണിക്കാന്‍ കഴിയും. ശരീര വലിപ്പം കളത്തില്‍ മുതലാക്കുന്നു. വേഗതായും കൃത്യതയും അവനെ വ്യത്യസ്തനാക്കുന്നതായും മെന്‍ഡസിനെ കളി പഠിപ്പിക്കുന്ന ഗ്രാസ്‌റൂട്ട്‌സ് ഫുട്‌ബോള്‍ ഡയറക്ടര്‍ അമറില്‍ഡോ റിബീറോ അഭിപ്രായപ്പെട്ടു.