ഒളിക്യാമറ വിവാദത്തില്‍ മൊഴി നൽകിയില്ല; എംകെ രാഘവന് പോലീസ് വീണ്ടും നോട്ടീസ് അയച്ചു

single-img
7 April 2019

കോഴിക്കോട്: ടിവി 9 ചാനൽ ഒളിക്യാമറ കോഴ വിവാദത്തില്‍ കോഴിക്കോട് എംപിയും നിലവിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ എം കെ രാഘവന് വീണ്ടും നോട്ടീസ്. ആരോപണം അന്വേഷിക്കുന്നതില്‍ മൊഴി നല്‍കാന്‍ ഹാജരാകാത്തതിനാലാണ് പോലീസ് വീണ്ടും നോട്ടീസ് നല്‍കിയത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന രാഘവന്റെ പരാതിയില്‍ ഇന്നലെ മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.

ഉത്തരേന്ത്യന്‍ വാര്‍ത്താ ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് എം കെ രാഘവന്‍ പരാതി നല്‍കിയത്. അതേസമയം തന്നെ, എം കെ രാഘവന്‍ സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നും ആരോപിച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോയില്‍ ഉള്ള ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഡി ജി പിയോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യപ്പെടലിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പി വാഹിദ് അന്വേഷണം തുടങ്ങി. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ യഥാര്‍ത്ഥ വീഡിയോ ഹാജരാക്കാന്‍ ആവശ്യപ്പെടാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.