സുരേഷ് ഗോപിക്ക് ഇനി എങ്ങനെ അപ്പീൽ നൽകാൻ സാധിക്കുമെന്ന് ശ്രീധരൻപിള്ള; കുറ്റക്കാരനെന്ന് ഇപ്പോൾ തന്നെ വിധിക്കാന്‍ പാടില്ലായിരുന്നു

single-img
7 April 2019

തിരഞ്ഞെടുപ്പ് മുഖ്യ ഓഫീസർ ടീക്കാറാം മീണയെ വിമർശിച്ച് ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. അയ്യപ്പന്റെ പേരു പറഞ്ഞ് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി നടത്തിയ പ്രചാരണം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന ടീക്കാറാം മീണയുടെ പ്രസ്താവനയ്ക്കെതിരെയാണ് ശ്രീധരൻപിള്ള രംഗത്തെത്തിയത്.

സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് ഇപ്പോൾ തന്നെ വിധിക്കാൻ പാടില്ലായിരുന്നു. സുരേഷ് ഗോപിക്ക് ഇനി എങ്ങനെ അപ്പീൽ നൽകാൻ സാധിക്കുമെന്നും ശ്രീധരൻപിള്ള ആരാഞ്ഞു. കളക്ടറുടെ റിപ്പോർട്ടിനെതിരെ സുരേഷ് ഗോപി അപ്പീൽ നൽകിയാൽ അത് പരിഗണിക്കേണ്ട സ്ഥാനത്തിരിക്കുന്നയാളാണ് മീണ. അദ്ദേഹം ഇപ്പോൾ തന്നെ സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് വിധിപ്രഖ്യാപനം നടത്തിയത് ശരിയായില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.