എടിഎം ഇടപാടിന് ശേഷം കാർഡ് പിൻവലിച്ചു; കാർഡിനൊപ്പം പുറത്തേക്ക് വന്നത് ഉള്ളിലുണ്ടായിരുന്ന കീബോർഡും മൗസും ഉൾപ്പെടെ ഉപകരണങ്ങൾ

single-img
7 April 2019

കേട്ടാല്‍ അവിശ്വസനീയം എന്ന് തോന്നുന്ന ഈ സംഭവം നടന്നത് തിരുവനന്തപുരം ജില്ലയിലെ മരുതുംകുഴിയിൽ പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റ് ബാങ്ക് എടിഎമ്മിലാണ്.എടിഎമ്മിന്‍റെ മുകള്‍ഭാഗമാണ് പൊളിഞ്ഞ നിലയിലുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ എത്തിയ ഒരു വ്യക്തി തന്‍റെ ഇടപാടിന് ശേഷം കാർഡ് പിൻവലിച്ചപ്പോൾ മെഷീനിന്റെ മുകൾ ഭാഗം ഇളകി വരികയായിരുന്നു. ഒപ്പം അതിന് ഉള്ളിലുണ്ടായിരുന്ന കീബോർഡും മൗസുമടക്കം ഉപകരണങ്ങളും പുറത്തെത്തി. മെഷീനിന്റെ മുകൾഭാഗം മുന്‍പേ തന്നെ ഇളകി കിടക്കുകയായിരുന്നു എന്നാണ് സൂചന.

പണംനിറച്ചിരിക്കുന്ന താഴെയുള്ള അറ സുരക്ഷിതമാണെങ്കിലും ഏതെങ്കിലും വിധത്തില്‍ വിവരങ്ങൾ ചോർത്തിയോ എന്ന് സംശയമുണ്ട്. എടിഎം മെഷീന്‍ പൊളിഞ്ഞു എന്ന് കണ്ടെത്തുന്നത് വരെ ഇടപാടുകൾ സുഗമമായി നടന്നിട്ടുണ്ടെന്നും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നും ബാങ്ക് അറിയിച്ചു. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ മോഷണ സൂചനകളില്ലെങ്കിലും അന്വേഷണം തുടരുകയാണ്.