വിവി പാറ്റ് എണ്ണി ഫലം അറിയാന്‍ 5 ദിവസം കാത്തിരിക്കാന്‍ തയ്യാറെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

single-img
7 April 2019

ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണിയേമതിയാകൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പടെ 21 പ്രതിപക്ഷ നേതാക്കളാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

വിവി പാറ്റ് എണ്ണുന്നതിന് ഇപ്പോള്‍ ഉള്ളതിനേക്കാലും ഇരട്ടി ആള്‍ക്കാരെ ചുമതലപ്പെടുത്തിയാല്‍ 2.6 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാം എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചു. വോട്ടുകള്‍ എണ്ണുന്നത് അഞ്ച് ദിവസം നീണ്ടു നിന്നാലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

33 ശതമാനം വരെ വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ 1.8 ദിവസവും, 25 ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ 1.3 ദിവസവും മതിയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിക്കുന്നില്ല. അതേസമയം തെരഞ്ഞെടുപ്പിലെ വിശ്വാസ്യത ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ സത്യവാങ് മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മെയ് മാസം 23 നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവി പാറ്റ് രസീതുകള്‍ എണ്ണേണ്ടി വന്നാല്‍ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.