കിഫ്ബി മസാലാ ബോണ്ട് പുറത്തിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം

single-img
7 April 2019

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് പുറത്തിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണ് മേയ് 17നു നടക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ബോണ്ടിന്റെ സബ്സ്‌ക്രൈബിങ് നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

ചടങ്ങില്‍ പങ്കെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ട്. ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക. മേയ് പകുതിയോടെ പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജനീവയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കു പങ്കെടുക്കേണ്ടതുണ്ട്.

ഈ ചടങ്ങില്‍ പങ്കെടുക്കുന്നിനൊപ്പം ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുത്തേക്കുമെന്നാണ് സൂചന. മസാലാ ബോണ്ട് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനാണ് (I.F.C) ഇതാദ്യം പുറത്തിറക്കിയത്.

രൂപയുടെ മൂല്യമിടിഞ്ഞാല്‍ നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരുക. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുക.

9.75% പലിശനിരക്കില്‍ കടപ്പത്ര വിപണിയില്‍നിന്നും 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയോടെ സംസ്ഥാന സര്‍ക്കാരിന്റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ടിങ് വഴി 2,150 കോടിയുടെ നിക്ഷേപം ലഭിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിലെ ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനത്തിന് തുക സമാഹരിച്ചത്.

മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്റെ മാനദണ്ഡം റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്പ് ലഘൂകരിച്ചിരുന്നു. അതിനുശേഷം ആദ്യമായി ഹൗസിങ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (എച്ച്.ഡി.എഫ്.സി) മസാല ബോണ്ടുവഴി 13,000 കോടി രൂപ സമാഹരിച്ചത്. എച്ച്.ഡി.എഫ്.സി സമാഹരിച്ചതുള്‍പ്പെടാതെ ഇതുവരെ 44,000 കോടി മൂല്യമുള്ള മസാല ബോണ്ടുകളാണ് വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ സമാഹരിച്ചത്.