ലാവ്‌ലിന്‍ കമ്പനിയുമായി സിഡിപിക്യുവിന് ബന്ധമുണ്ട്; അത് കിഫ്ബിയുടെ മസാല ബോണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് തടസമല്ല: കോടിയേരി

single-img
7 April 2019

എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി സിഡിപിക്യുവിന് ബന്ധമുണ്ടെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ബന്ധം സിഡിപിക്യുവിന് കിഫ്ബിയുടെ മസാല ബോണ്ടില്‍ പണം നിക്ഷേപിക്കുന്നതില്‍ തടസമല്ലെന്നും കോടിയേരി പറഞ്ഞു. മസാല ബോണ്ടുകളിലെ നിക്ഷേപത്തിന് എസ്എന്‍സി ലാവ്‌ലിനുമായി ഒരു ബന്ധവുമില്ലെന്ന അഭിപ്രായം തിരുത്തിയാണ് തെറ്റില്ലെന്ന വാദവുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

ധനവകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കേരളാ ധനമന്ത്രിയും കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും നിലവില്‍ മറുപടി പറഞ്ഞിട്ടുണ്ട്. കിഫ്ബിയിലെ നിക്ഷേപം മുടക്കാനായി യുഡിഎഫ് നിരര്‍ത്ഥകമായ വാദം നടത്തുകയാണ്. പ്രളയസമയത്ത് ഉള്‍പ്പെടെ ഇത്തരം നശീകരണപ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് നടത്തിയിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടെ മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസത്തില്‍ സിഡിപിക്യു വാങ്ങിയ കടപ്പത്രങ്ങള്‍ ലിസ്റ്റ് ചെയ്ത് വ്യാപാരം തുടങ്ങുന്ന മേയ് 17ലെ ചടങ്ങിലേക്കാണ് ക്ഷണം. യാത്രയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും.

ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള കമ്പനി കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മസാലബോണ്ട്‌ ഇടപാടില്‍ ഇടനിലക്കാരുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.