എവിടെ കൊണ്ടുപോയി വേണമെങ്കിലും പരിശോധിക്കാം: എംകെ രാഘവൻ്റെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന ആരോപണം തള്ളി ടിവി 9 എഡിറ്റര്‍ വിനോദ് കാപ്രി

single-img
6 April 2019

അഞ്ച് കോടി രൂപ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള തന്റെ വീഡിയോ ഡബ്ബ് ചെയ്തതാണെന്ന കോണ്‍ഗ്രസ് എം.പി സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ടിവി 9 എഡിറ്റര്‍ വിനോദ് കാപ്രി രംഗത്ത്. ടി.വി 9 ഭാരത് വര്‍ഷിന്റെ സ്റ്റിംഗ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എം.കെ രാഘവന്റെതടക്കം ടി.വി 9 പുറത്തു വിട്ട 15 എം.പി സ്ഥാനാര്‍ത്ഥികളുടേയും വീഡിയോ ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ലെന്ന് കാപ്രി പറഞ്ഞു. കേന്ദ്ര ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിക്കും (സി.എഫ്.എസ്.എല്‍) തെരഞ്ഞെടുപ്പ് കമ്മീഷനും ദൃശ്യങ്ങള്‍ അയച്ചു കൊടുക്കാമെന്നും അദ്ദേഹം പറയുന്നു. സ്റ്റിങ്ങ് ഓപ്പറേഷനു പിന്നില്‍ സിപിഎം ആണെന്ന വാദവും അദ്ദേഹം തള്ളി.

ടിവി 9 ഒളിക്യാമറയില്‍ 5 കോടി രൂപ രാഘവന്‍ ആവശ്യപ്പെടുന്നതും ദല്‍ഹിയിലുള്ള സെക്രട്ടറിയുടെ കയ്യില്‍ പണമായി തന്നെ ഏല്‍പ്പിക്കണമെന്നും സെക്രട്ടറിയുടെ നമ്പര്‍ തരാമെന്നും എം.പി പറയുന്ന ദൃശ്യമായിരുന്നു പുറത്തുവന്നത്.