ആദ്യവിവാഹച്ചടങ്ങിൽകൊലപാതകം;അമ്മയെ തോക്കിന്മുനയിൽ നിർത്തി ഫ്ലാറ്റ് സ്വന്തമാക്കി: അരുൺ ആനന്ദ് എന്ന ക്രിമിനലിന്റെ ചരിത്രം ഞെട്ടിക്കുന്നത്

single-img
6 April 2019

തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അരുൺ
ആനന്ദിന്റെ ചരിത്രം ഞെട്ടിക്കുന്നത് . ഇയാളുടെ ആദ്യ വിവാഹ പാര്‍ട്ടിക്കിടെ ഒരാള്‍ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവമുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനും പങ്കുള്ളതിനാല്‍  കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന.  2008ലാണ് ഈ സംഭവം.

തിരുവനന്തപുരത്ത് വിവാഹ സത്കാരത്തിനിടെയുണ്ടായ മരണത്തിനു പുറമെ കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ബംഗളൂരുവില്‍ അരുണിന്റെ അടുത്ത സുഹൃത്തായിരുന്ന പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ചും പോലീസിന് സംശയങ്ങളുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇതേ പറ്റി വിശദമായി അന്വേഷിക്കാന്‍ കേരളാ പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെടും.

സാമ്പത്തികമായി നല്ല ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ് അരുണ്‍. അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരുന്നു. സര്‍വീസിലിരിക്കെ അപകടത്തില്‍  അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അരുണിന് ഫെഡറല്‍ ബാങ്കില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഈ ജോലി ഉപേക്ഷിച്ച് അരുണ്‍ ബിസിനസിലേക്ക് തിരിഞ്ഞു. അരുണ്‍ സ്വന്തം അമ്മയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി  അവരുടെ പേരിലുള്ള ഫ്‌ളാറ്റ് സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയിരുന്നു.

വീട്ടില്‍ നല്ല സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന അരുണിന്റെ ജീവിതം എന്നും ആഡംബരത്തിന്റെതായിരുന്നു. കുട്ടികളുടെ അച്ഛന്റെ വീട്ടുകാര്‍ കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച തുക ഇയാള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചിരുന്നു. കുട്ടികളുടെ അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് കാണാതായതും സംശയം ഉയര്‍ത്തുന്നുണ്ട്. 

കടപ്പാട്: മാതൃഭൂമി