നാട്ടില്‍ പോകാന്‍ തീരുമാനിച്ച ദിവസം പ്രവാസി മലയാളിയെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
6 April 2019

ദമാമില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വടക്കേക്കാട് സ്വദേശി കല്ലൂര്‍ റെജു മാധവന്‍(43) ആണ് മരിച്ചത്. റെജു നാട്ടില്‍ പോകാന്‍ തീരുമാനിച്ച ദിവസമായിരുന്നു സംഭവം. ആറു വര്‍ഷമായി ദമാം അനൂദിലെ ഖമര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു.

ഒരാഴ്ചയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സുഹൃത്തുക്കള്‍ ചേര്‍ന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റും എടുത്തിരുന്നു.

കഴിഞ്ഞ ദിവസം സുഖമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റെജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കുകയും താമസ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. രാത്രി എട്ടിന് ജോലി ചെയ്തു സുഹൃത്തുക്കള്‍ തിരിച്ചു മുറിയിലെത്തിയപ്പോഴാണ് കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.

ഇദ്ദേഹത്തിനു സാമ്പത്തിക പ്രശ്‌നമോ കുടുംബ പ്രശ്‌നങ്ങളോ ഉള്ളതായി അറിവില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സഹപ്രവര്‍ത്തകനും നവോദയ കേന്ദ്ര കമ്മിറ്റി അംഗവുമായ സേതു അറിയിച്ചു.