നീതുവിന്റെ കഴുത്തില്‍ 12 കുത്തുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങള്‍; കൊല നടത്തിയത് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെത്തിയപ്പോള്‍…

single-img
6 April 2019

തൃശ്ശൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കുത്തിവീഴ്ത്തിയശേഷം യുവാവ് തീ കൊളുത്തി കൊന്ന വിദ്യാര്‍ഥിനി നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. നീതുവിന്റെ കഴുത്തില്‍ 12 കുത്തുകള്‍ ഏറ്റെന്നും ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിതീഷ് നടത്തിയത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നും ഇതിനായി കത്തി ഓണ്‍ലൈനില്‍ വാങ്ങിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്ന് വര്‍ഷത്തെ പ്രണയം നീതു അവസാനിപ്പിച്ചുവെന്ന തോന്നലില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നേരത്തെ അമ്മ മരിച്ച്, അച്ഛന്‍ ഉപേക്ഷിച്ച നീതുവിനെ മുത്തശ്ശിയും അമ്മാവനുമാണ് വളര്‍ത്തിയത്. പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു നീതു.

വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. നീതുവും നീതീഷും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു.

ഇതിനിടെ, നീതു മറ്റൊരു സുഹൃത്തുമായി അടുത്തെന്ന് നിതീഷ് തെറ്റിധരിച്ചു. ഇത് സംശയത്തിന് കാരണമായി. കാമുകന്റെ സംശയ രോഗം തിരിച്ചറിഞ്ഞതോടെ നീതു പതിയെ പിന്മാറി. വിവാഹത്തിന് താല്‍പര്യം കാട്ടാതെ വന്നതോടെ നിതീഷിന്റെ വിദ്വേഷം വര്‍ധിച്ചു.

ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതില്‍ വഴി കയറിയാണ് നീതുവിനെ ആക്രമിച്ചതെന്നാണ് നിഗമനം. വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ആക്രമിച്ചത്. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം കത്തികൊണ്ടു കുത്തി പിന്നീട് പ്രെട്രോള്‍ ഒഴിച്ച് നീതുവിനെ തീ കൊളുത്തുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചു വച്ചു. കുതറി ഓടി ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു, നീതുവിന്റെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. നീതുവിന്റെ ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറഞ്ഞു.

സമീപവാസികള്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. കുതറിയോടിയ നിതീഷിനെ അയല്‍വാസികള്‍ ചേര്‍ന്ന് പിടിച്ചുകെട്ടിയാണ് പൊലീസിനെ ഏല്‍പ്പിച്ചത്.

കൊടകര ആക്‌സിസ് എന്‍ജി. കോളേജ് വിദ്യാര്‍ഥിനിയാണ് നീതു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമര്‍ഥയായിരുന്നു നീതുവെന്നു ബന്ധുക്കളും നാട്ടുകാരും ഓര്‍മിക്കുന്നു. നന്നായി ചിത്രം വരയ്ക്കും. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിലും മികവുകാട്ടി. യാത്രകളിലുള്ള താല്‍പര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു.

യാത്രാതല്‍പ്പരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ ഇരുവരും അംഗമായിരുന്നതായി പറയുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങള്‍ പതിച്ചിരുന്നു. നിധീഷിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും നീതുവിനൊപ്പമുള്ള ചിത്രമാണ് പ്രൊഫൈല്‍ പിക്ചര്‍.