കാമുകിയെ തീകൊളുത്തിയ നിതീഷ് ആദ്യം പരിശോധിച്ചത് നീതുവിന്റെ ഫോണ്‍; ചാറ്റ് കണ്ടതോടെ പ്രതിയുടെ ഭാവം മാറി

single-img
6 April 2019

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കുത്തിവീഴ്ത്തിയശേഷം യുവാവ് തീ കൊളുത്തി കൊന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിനി ചിയ്യാരം മച്ചിങ്ങല്‍ നീതുവിന്റെ (22) സംസ്‌കാരച്ചടങ്ങില്‍ മേയര്‍ അജിത വിജയനടക്കം ഒട്ടേറെപ്പേര്‍ സംബന്ധിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി കണ്ടെത്തി. കൂടുതല്‍ മുറിവുകളും കഴുത്തിലാണ്. തടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൈകളിലും മുറിവേറ്റിട്ടുണ്ട്. 60% പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ വടക്കേക്കാട് കല്ലൂക്കാടന്‍ നിധീഷിനെ (27) നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. ഇയാളെ റിമാന്‍ഡു ചെയ്തു. യുവതിയുമായി 3 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ഇപ്പോള്‍ അകല്‍ച്ച പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നും പ്രതി മൊഴി നല്‍കി. വ്യാഴം രാവിലെയായിരുന്നു കൊലപാതകം.

നിതീഷും നീതുവും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് പെണ്‍കുട്ടിയുടെ മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് നീതുവിന്റെ വീട്ടിലെത്തിയത്. തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. എന്നാല്‍ ഉറങ്ങിപ്പോയതിനാല്‍ പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പറ്റിയത്.

പുലര്‍ച്ചെ നിതീഷ് എത്തിയപ്പോള്‍ നീതു വാതില്‍ തുറന്നുകൊടുത്തു. ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്‌നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി. രാവിലെ 6.30ന് വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു കുളിമുറിയിലായിരുന്നു.

മുറിയില്‍ കണ്ട നീതുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി. മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവാഹാഭ്യര്‍ഥന നീതുവിന്റെ വീട്ടുകാര്‍ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നല്‍കിയിട്ടുണ്ട്.

കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു നിതീഷിന്റെ പദ്ധതി. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുത്തശി വത്സലയണ് പിടിച്ചുനിറുത്തിയത്. അയല്‍വാസികളും ബന്ധുക്കളുമെത്തി നിതീഷിനെ കെട്ടിയിടുകയും ചെയ്തു. പിടിക്കുമ്പോള്‍ പ്രതി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാട്ടിയതായും വിവരമുണ്ട്.