രണ്ടു ദിവസത്തിനകം താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ചന്ദ്രബാബു നായിഡു

single-img
6 April 2019

നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് തെലുഗു ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. നായിഡുവിന്റെ അടുത്ത അനുയായിയും ഡി.ടി.പി നേതാവുമായ സി.എം രമേശിന്റെ വസതിയില്‍ ഐ.ടി വകുപ്പ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാളെയോ മറ്റന്നാളോ അവര്‍ എന്നെ അറസ്റ്റ് ചെയ്‌തേക്കാം. അതിന് അവരെ അനുവദിക്കുക. ഞാന്‍ ജയിലില്‍ പോകാം. എന്നാല്‍ കീഴടങ്ങാന്‍ തയാറല്ല. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആര്‍.ബി.ഐ എന്നീ ഏജന്‍സികളെ ഉപയോഗിച്ച് ജനാധിപത്യത്തെ മോദി അപമാനിക്കുകയാണെന്നും നായിഡു പറഞ്ഞു.

വെള്ളിഴാഴ്ചയായിരുന്നു രണ്ടു വട്ടം രാജ്യസഭാ എം.പിയായിരുന്നു രമേശിന്റെ വീട്ടില്‍ പൊലീസും, ആദായ നികുതി വകുപ്പും ചേര്‍ന്ന് പരിശോധന നടത്തിയത്. തന്റെ സംസ്ഥാനത്തിന് നേരിടേണ്ടി വരുന്ന അനീതികള്‍ക്കെതിരെ വാദിക്കുന്നതിനാല്‍ മോദി സര്‍ക്കാര്‍ തന്നെ അക്രമിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

ചന്ദ്രബാബു നായിഡുവിനെ ബാഹുബലി സിനിമയിലെ വില്ലനായ ബല്ലാല ദേവനോടുപമിച്ച് കഴിഞ്ഞ ദിവസം മോദി പരിഹസിച്ചിരുന്നു. നരേന്ദ്രമോദി ഹൃദയം കൊണ്ട് തീവ്രവാദിയാണെന്നും അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും ചന്ദ്രബാബു നായിഡു തിരിച്ചടിക്കുകയും ചെയ്തിരുന്നു. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്ദാനങ്ങള്‍ പാലിക്കാതെയുമിരിക്കുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലയാണെന്നായിരുന്നു മോദിയുടെ പരിഹാസം.