ഈ ഗ്രാമത്തില്‍ കാലുകുത്തരുത്; ബിജെപി എംപിയെ സ്വന്തം മണ്ഡലത്തില്‍ നിന്ന് ‘പുറത്താക്കി’ നാട്ടുകാര്‍

single-img
6 April 2019

സ്വന്തം മണ്ഡലത്തിലെ എംപിയ്ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ കചേര ഗ്രാമത്തിലെ ജനങ്ങള്‍. ബിജെപി എംപി മഹേഷ് ശര്‍മക്കുനേരെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഗ്രാമത്തിന്റെ വികസനത്തിനായി തങ്ങള്‍ വിജയിപ്പിച്ച് ലോക്‌സഭയിലേക്കയച്ച മഹേഷ് ശര്‍മ ഇനി വോട്ട് ചോദിച്ച് ഇവിടേക്കെത്തരുതെന്നാണ് ഗ്രാമീണരുടെ ശാസന.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹേഷ് ശര്‍മയ്ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും ഗ്രാമത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. മഹേഷ് ശര്‍മയ്ക്ക് അനുമതി നിഷേധിച്ച് കൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും കചേരയില്‍ പ്രത്യക്ഷപ്പെട്ട് ആറുമാസത്തിലധികമായി.

2018 ഒക്ടോബറില്‍ എംപിയ്‌ക്കെതിരെ ഗ്രാമീണരുടെ ഭാഗത്ത് നിന്ന് വലിയ പ്രക്ഷോഭം ഉണ്ടായി. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 86 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധം ഇപ്പോഴും കചേരയില്‍ തുടരുകയാണ്. അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാത്തതും പ്രതിഷേധക്കാരുടെ അറസ്റ്റുമെല്ലാം മഹേഷ് ശര്‍മയെ ജനങ്ങളില്‍ നിന്ന് പൂര്‍ണമായും അകറ്റിയ സാഹചര്യമാണുള്ളത്.

മോദിയ്‌ക്കെതിരെയല്ല പ്രതിഷേധമെന്നും മഹേഷ് ശര്‍മയ്ക്ക് മാത്രമാണ് തങ്ങളുടെ എതിര്‍പ്പെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ തികച്ചും രാഷ്ട്രീയനീക്കങ്ങളാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നിലെന്നാണ് മഹേഷ് ശര്‍മയുടെ ഭാഷ്യം. ഗ്രാമത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ആരോപണം അസ്ഥാനത്താണെന്നും മഹേഷ് ശര്‍മ കൂട്ടിച്ചേര്‍ക്കുന്നു.