17 ലക്ഷം കാഴ്ചക്കാര്‍; തരംഗമായി മമ്മൂട്ടിയുടെ മധുരരാജ ട്രെയിലര്‍

single-img
6 April 2019

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്ത്. വൈശാഖ് നേരത്തേ പറഞ്ഞിരുന്നതുപോലെ മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള മാസ് നിറഞ്ഞതാകും സിനിമയെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലര്‍.

ഒപ്പം സമകാലീന രാഷ്ട്രീയ സംഭവങ്ങളും സിനിമയില്‍ ചര്‍ച്ചയാവുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. തന്റെ മുന്‍ ചിത്രങ്ങളിലേത് പോലെ പ്രേക്ഷകനെ ആവേശഭരിതാരാക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് മധുരരാജയ്ക്ക് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു, സലീം കുമാര്‍, സിദ്ദിഖ്, നരേയ്ന്‍ അനുശ്രീ, ജഗപതി ബാബു എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ ട്രെയിലറില്‍ അണിനിരക്കുന്നുണ്ട്.

3 മണിക്കൂറുകള്‍കൊണ്ട് 17 ലക്ഷത്തിനു മുകളില്‍ ആളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. മലയാളത്തില്‍ നിന്നു മാത്രമല്ല തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ആരാധകര്‍ ട്രെയിലറിനെ പ്രശംസകൊണ്ട് മൂടുകയാണ്.

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.

അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ എത്തുന്നുണ്ട്.

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വിഎഫ്എക്‌സ് ഗ്രാഫിക്‌സ് വിദഗ്ദ്ധര്‍ ചിത്രത്തിനായി എത്തും. കേരളവും തമിഴ്‌നാടുമാണ് പ്രധാന ലൊക്കേഷന്‍. ആക്ഷനും തമാശയും സസ്‌പെന്‍സും ത്രസിപ്പിക്കുന്ന സംഗീതവും ഒക്കെയായി മാസ്സ് എന്റര്‍ടൈനറാകും മധുരരാജ. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.