കിഫ്ബിയുടെ മസാല ബോണ്ട് വിൽപ്പനയില്‍ നടന്നത് വന്‍ അഴിമതി; ആരോപണവുമായി രമേശ്‌ ചെന്നിത്തല

single-img
6 April 2019

കൊച്ചി: കേരളത്തിലെ വൻകിട വികസന സംരംഭങ്ങൾക്ക് ചുക്കാൻപിടിക്കുന്ന കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡിന്‍റെ (കിഫ്ബി) മസാല ബോണ്ടുകളിൽ ഭൂരിപക്ഷവും വാങ്ങിയത് വിവാദ കമ്പനിയായ എസ് എൻ സി ലാവ്‌ലിനുമായി ബന്ധമുള്ള സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബോണ്ട് വിൽപ്പനയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണം. ഇടപാടില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നു. ലാവ്​‌ലിന്‍ കമ്പനിയെ സഹായിക്കാനുള്ള വളഞ്ഞ വഴിയാണിത്.

വലിയ ഒരു അഴിമതിയുടെ തുടക്കമാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി വന്നശേഷം ബാക്കി കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല ഇന്ന് കൊച്ചിയിൽ നടത്തിയ വാർ‌ത്താ സമ്മേളനത്തിൽ‌ വ്യക്തമാക്കി. ആകെ 2150 കോടി രൂപയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചതെന്നാണ് സർക്കാർ അറിയിച്ചത്. ഈ ബോണ്ടുകളാവട്ടെ ലിസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിലും കാനഡയിലുമാണ്.

9.8 ശതമാനം വരെ കൊള്ളപ്പലിശക്കാണ് മസാല ബോണ്ടുകൾ വിറ്റത്. ഇവയില്‍ ഭൂരിപക്ഷവും വാങ്ങിയത് എസ്എൻസി ലാവ്‌ലിന് പങ്കാളിത്തമുള്ള സി ഡി പി ക്യു എന്ന സ്ഥാപനമാണ്. പിണറായി വിജ‍യൻ അധികാരത്തിൽ വരുമ്പോൾ മാത്രം ലാവ്‌ലിനുമായി ഇടപാടുകൾ നടക്കുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.