‘കാമുകിക്ക് നന്ദി’; വൈറലായി സിവില്‍ സര്‍വ്വീസ് ഒന്നാം റാങ്കുകാരന്റെ പ്രതികരണം

single-img
6 April 2019

റാങ്കും വിജയവും അവാര്‍ഡുകളും ലഭിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും നന്ദി പറയുന്നത് അസാധാരണ സംഭവമല്ല. എന്നാല്‍ പരസ്യമായി തന്റെ കാമുകിക്കും നന്ദി അറിയിച്ചിരിക്കുകയാണ് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച കനിഷ്‌ക് കടാരിയ.

ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം കുറിച്ചു. ഒപ്പം കാമുകിക്കുള്ള നന്ദിവാക്കും. ‘ആശ്ചര്യം തോന്നുന്ന നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും അവര്‍ നല്‍കിയ പിന്തുണക്കും സഹായത്തിനും നന്ദി അറിയിക്കുകയാണ്. ഞാനൊരു നല്ല ഭരണനിര്‍വഹകന്‍ ആയിരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. അതു തന്നെയാണ് എന്റെ ഉദ്ദേശവും’, കടാരിയ കുറിച്ചു.

എഎന്‍ഐ കട്ടാരിയയുടെ പ്രതികരണം ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായിരിക്കുകയാണ്. ഇതാദ്യമായി ആയിരിക്കും ഒരു സിവില്‍ സര്‍വ്വീസ് ഒന്നാം റാങ്കുകാരന്‍ പരസ്യമായി കാമുകിക്ക് നന്ദി പറയുന്നത് എന്ന രീതിയിലാണ് കട്ടാരിയയെക്കുറിച്ചുള്ള ട്വീറ്റ് ആഘോഷിക്കപ്പെടുന്നത്. ഐഐടി ബോംബെയില്‍ നിന്ന് ബിരുദം നേടിയ കനിഷ്‌ക് കട്ടാരിയ രാജസ്ഥാന്‍ സ്വദേശിയാണ്.