രണ്ട് യു എസ് പൗരന്മാർ ഉൾപ്പെടെ എട്ട് മനുഷ്യാവകാശപ്രവര്‍ത്തകർ സൗദിയിൽ അറസ്റ്റിൽ

single-img
6 April 2019

റിയാദ്: സൗദിയിൽ എട്ട് മനുഷ്യവകാശപ്രവര്‍ത്തകര്‍ അറസ്റ്റില്‍. രണ്ട് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ എട്ട് മനുഷ്യാവകാശപ്രവര്‍ത്തകരാണ് സൗദിയില്‍ അറസ്റ്റിലായത്. ഗര്‍ഭിണിയായ ഒരു സ്ത്രീയെയും ആറ് പുരുഷന്മാരെയുമാണ് സൗദി വ്യാഴാഴ്ച അറസ്റ്റുചെയ്തത്. അറിയപ്പെടുന്ന എഴുത്തുകാരനും ഡോക്ടറുമായ ബാദര്‍ അല്‍ ഇബ്രാഹിം, പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക അസീസ അല്‍ യൂസഫിന്റെ മകന്‍ സലാ അല്‍ ഹൈദര്‍ എന്നിവരാണ് അറസ്റ്റിലായ അമേരിക്കൻ പൗരര്‍.

അമേരിക്കൻ പൗരന്മാർക്ക് യു എസ്.- സൗദി ഇരട്ടപൗരത്വമുണ്ട്. ഇക്കൂട്ടത്തിൽ അറസ്റ്റിലായ ഫെമിനിസ്റ്റ് എഴുത്തുകാരി ഖദീജാ അല്‍ ഹാര്‍ബി ഗര്‍ഭിണിയാണ്. ഇവരുടെ ഭര്‍ത്താവും അറിയപ്പെടുന്ന എഴുത്തുകാരനുമായ തുമാര്‍ അല്‍ മര്‍സൗഖി, മുഹമ്മദ് അല്‍സാദിഖ്, അബ്ദുള്ള അല്‍ ദഹ്‌ലിയാന്‍, ഫഹാദ് അബാല്‍ഖലീല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. എന്നാൽ, ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നിലെ കാരണം വ്യക്തമല്ല.