സ്‌കൂള്‍ കാലഘട്ടം മുതലെ മദ്യപാനത്തിന് അടിമ; നിരവധി സ്ത്രീകളുമായി ബന്ധം; ഭര്‍ത്താവിന്റെ ആത്മാവ് ഒപ്പമുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിക്കൊപ്പം കൂടി; കുട്ടികളെ തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും വിനോദം: അരുണ്‍ ആനന്ദിന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നത്

single-img
6 April 2019

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ ക്രൂരത വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഏഴുവയസ്സുകാരന്റെ അച്ഛന്‍ ബിജുവിന്റെ മരണത്തിനു പിന്നാലെയാണ് അരുണ്‍ ആനന്ദ് യുവതിക്കൊപ്പം കൂടിയത്. ബിജുവിന്റെ ആത്മാവ് തന്നോടൊപ്പം ഉണ്ടെന്നും കുട്ടികളെ പിരിഞ്ഞിരിക്കാന്‍ വയ്യെന്നും യുവതിയെ വിശ്വസിപ്പിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഭര്‍ത്താവ് മരിച്ച് മൂന്നാം ദിവസം തനിക്ക് അരുണിനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെട്ടു.

എന്നാല്‍ തന്റെ ജീവിതത്തില്‍ വരാനിരിക്കുന്നത് വന്‍ ചതികളും ഉറക്കമില്ലാത്ത രാത്രികളുമാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. മക്കളെ പിരിയാന്‍ വയ്യെന്നു പറഞ്ഞ് ഒപ്പം കൂടിയ അരുണ്‍ അവരെ മര്‍ദിക്കുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ തനിക്കു കഴിയുമായിരുന്നുള്ളുവെന്നും യുവതി മൊഴി നല്‍കി. തന്നെയും അരുണ്‍ മര്‍ദിക്കാറുണ്ടെന്നാണ് യുവതി പറഞ്ഞത്.

ഈ കുഞ്ഞുങ്ങളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഹാളിന്റെ ഇടതു വശത്തുള്ള ചുമരില്‍ ചോരത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് പലരും കണ്ടിരുന്നു. താഴത്തെ നിലയിലായിരുന്നു കുട്ടികളുമായി യുവതിയുടെയും അറസ്റ്റിലായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെയും താമസം. മുകള്‍നിലയില്‍ താമസിച്ചിരുന്ന ദമ്പതികളുമായും അയല്‍വീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല.

രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നുവെന്നു പൊലീസ് പറയുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. റാസ്‌കല്‍ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്.

മൂത്ത കുട്ടിക്കായിരുന്നു കൂടുതല്‍ മര്‍ദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതല്‍ സമനില തെറ്റുമ്പോള്‍ ഇളയ കുട്ടിയെയും മര്‍ദിക്കും. യുവതി തടയാന്‍ ശ്രമിച്ചാല്‍ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാല്‍ പുലര്‍ച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണു കാര്‍ ഡ്രൈവ് ചെയ്യുന്നത്. ഒരു മാസം മുന്‍പു മങ്ങാട്ടുകവലയിലെ തട്ടുകടയില്‍ യുവതിക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാര്‍ കൂടിയതോടെ സ്ഥലം വിട്ടു.

പ്രതി അരുണ്‍ സംഭവദിവസം വൈകിട്ടു മുതല്‍ ബാറില്‍ ഒന്നര മാസം മുന്‍പു ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ മൂത്ത കുട്ടിയുമായി റോഡരികില്‍ നിന്ന് ആരെയോ ഫോണിലൂടെ അസഭ്യം പറയവേ നാട്ടുകാര്‍ ഇടപെട്ടു. ഒരു യുവതി കാറോടിച്ചെത്തി.

ഡോറില്‍ 2 വട്ടം ആഞ്ഞിടിച്ച ശേഷം കുട്ടിയെ വലിച്ച് ഉള്ളില്‍ കയറിയ ഇയാള്‍, യുവതിയുടെ കരണത്തടിച്ചു. തുടര്‍ന്ന് സ്റ്റിയറിങ്ങില്‍ കാലെടുത്തു വച്ചു. ജനം കൂടിയപ്പോള്‍ യുവതി വേഗത്തില്‍ കാറോടിച്ചു പോയി. യുവതിയെ വീട്ടില്‍ വച്ചും വഴിയില്‍ വച്ചും അരുണ്‍ മര്‍ദിക്കുന്നതിനു പലരും സാക്ഷികളാണ്. കുട്ടികളെ അനാഥാലയത്തിലോ ബോര്‍ഡിങ്ങിലോ ആക്കണമെന്നു അരുണ്‍ പലപ്പോഴും യുവതിയോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, അരുണ്‍ ഒന്നിലധികം തവണ വിവാഹം കഴിച്ചുരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ ആദ്യ വിവാഹ പാര്‍ട്ടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു. ബിയര്‍ കുപ്പികൊണ്ട് ഇയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകനും പങ്കുള്ളതിനാല്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. 2008ലാണ് ഈ സംഭവം.

സാമ്പത്തികമായി നല്ല ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ് അരുണ്‍. അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരുന്നു. സര്‍വീസിലിരിക്കെ അപകടത്തില്‍ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അരുണിന് ഫെഡറല്‍ ബാങ്കില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഈ ജോലി ഉപേക്ഷിച്ച് അരുണ്‍ ബിസിനസിലേക്ക് തിരിഞ്ഞു. അരുണ്‍ സ്വന്തം അമ്മയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരുടെ പേരിലുള്ള ഫഌറ്റ് സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയിരുന്നു.

അരുണ്‍ ഒന്നിലധികം തവണ തവണ വിവാഹം കഴിച്ചതായി ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തിയിരുന്നു. വിവാഹത്തിനു പുറമെ ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായും ബന്ധമുണ്ട്. ഇതിലൊരാളാണ് കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ. സ്‌കൂള്‍ തലം മുതലെ ഇയാള്‍ക്ക് ഒന്നിലധികം പ്രണയബന്ധങ്ങളുണ്ടായിരുന്നു

തിരുവനന്തപുരത്ത് വിവാഹ സത്കാരത്തിനിടെയുണ്ടായ മരണത്തിനു പുറമെ കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ബാംഗ്ലൂരുവില്‍ അരുണിന്റെ അടുത്ത സുഹൃത്തായിരുന്ന പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ചും പോലീസിന് സംശയങ്ങളുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ പറ്റി വിശദമായി അന്വേഷിക്കാന്‍ കേരളാ പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെടും.

സ്‌കൂള്‍ കാലഘട്ടം മുതലെ മദ്യപാനത്തിന് അടിമയാണ് അരുണ്‍. ലഹരിയുടെ അമിതമായ ഉപയോഗമാണ് അരുണിന്റെ ജീവിതം മാറ്റിമറിച്ചത്. ലഹരി തലയ്ക്ക് പിടിച്ചാല്‍ ക്രൂരനായാണ് അരുണ്‍ പെരുമാറുക.

കടപ്പാട്: മാതൃഭൂമി, മനോരമ