കോട്ടയത്ത് പ്രണയ ചിഹ്നത്തില്‍ ‘വോട്ട്’ തേടി അര്‍ജുനും ശില്‍പയും

single-img
6 April 2019

വെഡ്ഡിങ് വീഡിയോകള്‍ക്കു പരീക്ഷണങ്ങളുടെ കാലമാണ്. സേവ് ദ് ഡേറ്റ്, പ്രീ–പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പടര്‍ന്നു പന്തലിച്ചപ്പോള്‍ പുതിയ ആശയങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് വീഡിയോഗ്രാഫര്‍മാര്‍. ആദ്യം വിദേശത്തെ മനോഹര ലൊക്കേഷനുകളിലായിരുന്നു ഫോട്ടോഷൂട്ടും വീഡിയോ ചിത്രീകരണവുമെല്ലാം. എന്നാല്‍ അതിനും മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. നമ്മുടെ നാടന്‍ ബസ് സ്റ്റാന്റും ഹോട്ടലും സ്‌കൂളുമൊക്കെയാണ് ഇപ്പോള്‍ ട്രെന്റ്. എന്നാല്‍ ചുറ്റും തിരഞ്ഞെടുപ്പ് ആവേശം ഉയരുമ്പോള്‍ വിവാഹക്ഷണക്കത്തിലും ഇപ്പോള്‍ ആ ഓളമങ്ങ് എത്തിയിരിക്കുകയാണ്.

മെയ് ഏഴിന് ഇല്ലിക്കല്‍ പാണംപള്ളിഹാളില്‍ നടക്കുന്ന വിവാഹ വിവരങ്ങള്‍ അടങ്ങുന്ന ‘സേവ് ദ ഡേറ്റ്’ കാര്‍ഡും വീഡിയോയുമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുകയാണ് ശില്‍പയും അര്‍ജുനും.
വേളൂര്‍ മുണ്ടേപ്പറമ്പില്‍ ഗിരീഷ് ബിന്ദു ദമ്പതിമാരുടെ മകളാണ് ശില്‍പ. കോട്ടയം എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥയാണ്. കുമരകം കോയിക്കല്‍ച്ചിറ പവന്‍ പൊന്നമ്മ ദമ്പതിമാരുടെ മകനായ അര്‍ജുന്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്.

ക്ഷണക്കത്തിന്റെ ഡിസൈന്‍ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പോലെയാണ്. കോട്ടയം നിയോജകമണ്ഡലത്തില്‍ മെയ് 7ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നാണ് ഈ പോസ്റ്ററിന്റെ ഉള്ളടക്കം. തെരഞ്ഞെടുപ്പാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം വേണമല്ലോ ? പോസ്റ്ററില്‍ അതും ഉണ്ട്, പ്രണയചിഹ്നം!

രണ്ട് സ്ഥാനാര്‍ഥികള്‍ വോട്ട് തേടിപ്പോകുന്ന അതേ മാതൃകയില്‍ വരനും വധുവും നാട്ടുകാരെ നേരില്‍ കണ്ട് വിവാഹത്തിന് ക്ഷണിക്കുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കലും മറ്റ് തെരഞ്ഞെടുപ്പ് കോലാഹലങ്ങളും ഒക്കെ വീഡിയോയുടെ ഭാഗമാണ്. വീഡിയോ ഇപ്പോള്‍ അവസാനവട്ട മിനുക്കുപണികളിലാണ്. തിങ്കളാഴ്ച്ച പുറത്തിറക്കും.

കോട്ടയം കുമ്മനം ലെന്‍സ് ഔട്ട് മീഡിയയിലെ നവാസ് ഷാനാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നില്‍. ക്ഷണക്കത്തിലും വീഡിയോയിലും വ്യത്യസ്തത വേണമെന്ന് പറഞ്ഞപ്പോള്‍ നവാസിന്റെ ചിന്തയില്‍ ആദ്യം തെളിഞ്ഞത് തെരഞ്ഞെടുപ്പ് തന്നെ. ഇതേക്കുറിച്ച് കേട്ടതോടെ തങ്ങള്‍ക്കും ഇഷ്ടപ്പെട്ടെന്ന് അര്‍ജുന്‍ പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉള്ളവരാണ് ഈ വരനും വധുവും. ക്ഷണക്കത്ത് ഇത്തരത്തില്‍ തയ്യാറാക്കിയത് തെരഞ്ഞെടുപ്പ് ആവേശം ഉള്‍ക്കൊണ്ട് തന്നെയാണെന്ന് ശില്‍പയും പറഞ്ഞു.