എംകെ രാഘവനെതിരായ കോഴ ആരോപണം: ദൃശ്യങ്ങളും തെളിവും ആര്‍ക്ക് വേണമെങ്കിലും കൈമാറാമെന്ന വെല്ലുവിളിയുമായി ടിവി 9 ചാനല്‍ എഡിറ്റർ വിനോദ് കാപ്രി

single-img
5 April 2019

ന്യൂഡല്‍ഹി: കേരളത്തിലെ കോഴിക്കോട് മണ്ഡലം എം.പി എം.കെ രാഘവൻ ഉൾപ്പെടെ 15 പേരെ ഒളിക്യാമറയിൽ കുടുക്കിയത് കൃത്യമായ വിവരങ്ങൾ തങ്ങള്‍ക്ക് ലഭിച്ചതിന് അടിസ്ഥാനത്തിലാണ് എന്ന് ടിവി 9 ചാനല്‍ ഗ്രൂപ്പ് എഡിറ്റർ വിനോദ് കാപ്രി. ചാനലിനെതിരെ എം. കെ രാഘവൻ കേരളത്തിൽ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. എം. കെ രാഘവൻ പറഞ്ഞിട്ടില്ലാത്ത ഒരു വാക്കും തങ്ങൾ സംപ്രേഷണം ചെയ്തിട്ടില്ല.

ആകെ പതിനെട്ട് പേരെയായിരുന്നു ചാനൽ സമീപിച്ചത്. അതില്‍ 15 പേരും തങ്ങൾ തെരഞ്ഞെടുപ്പിൽ പരിധിയിൽ കവിഞ്ഞ പണം ഉപയോഗിച്ചിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം വൻതോതിൽ ഉപയോഗിക്കപ്പെടുന്നത് തുറന്നു കാണിക്കുക എന്നത് തന്നെയാണ് തങ്ങളുടെ ലക്ഷ്യം. ആര് ആവശ്യപ്പെട്ടാലും ഏത് വേദിയിലും ദൃശ്യങ്ങളും അതിൻറെ ഒറിജിനൽ കോപ്പിയും ഹാജരാക്കാൻ തയ്യാറാണ്.

നിയമനടപടിക്ക് തങ്ങൾ വെല്ലുവിളിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ആധികാരികമായ രേഖകൾ ആവശ്യമുണ്ടെങ്കിൽ അത് ഏതുനിമിഷവും എത്തിക്കാം. ഇതില്‍ ഒരു ഗൂഢാലോചന നടത്തിയിട്ടില്ല അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ തുറന്നു കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ചാനലിന്റെ ഉത്തമ ബോധ്യത്തോടെയാണ് ഈ നടപടി.

ഇതിലേക്ക് ഏതെങ്കിലും തരത്തിൽ സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ബന്ധപ്പെടുത്തുന്നത് പരിഹാസ്യമാണ്. സിപിഎമ്മുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. 5 ബിജെപി എം പിമാരും 3 കോൺഗ്രസ് എം പിമാരും ഓപ്പറേഷനിൽ കുടങ്ങിയിട്ടുണ്ട്. അതിൽ എം കെ രാഘവന് മാത്രം എന്താണ് പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല എന്നും വിനോദ് കാപ്രി പറയുന്നു.