“കാലുകൾ അടുപ്പിച്ച് വെച്ചുകൂടായിരുന്നോ?” ബലാത്സംഗം ചെയ്യപ്പെട്ട ഇരയോട് അമേരിക്കൻ ജഡ്ജി

single-img
5 April 2019

ബലാത്സംഗം ചെയ്യപ്പെട്ട ഇരയോട് “കാലുകൾ അടുപ്പിച്ചു വെച്ചുകൂടായിരുന്നോ എന്ന് ചോദിച്ച അമേരിക്കൻ ന്യായാധിപനെതിരെ നിയമനടപടി. മൂന്നുമാസം ശമ്പളമില്ലാത്ത സസ്പെൻഷനാണ് ഇദ്ദേഹത്തിനു ശിക്ഷയായി ലഭിക്കുക.

ന്യൂ ജഴ്സിയിലെ സുപ്പീരിയർ കോടതി ജഡ്ജിയാണ് ബലാത്സംഗത്തിനിരയായ യുവതിയോട് ഇത്തരമൊരു ചോദ്യം ചോദിച്ചത്. കുടുംബക്കോടതി കേസുകൾ കൈകാര്യം ചെയ്യുന്ന ന്യായാധിപനായ ജോൺ റൂസോ ജൂനിയറിനെതിരെ 45 പേജുള്ള കുറ്റപത്രമാണ് ന്യൂ ജഴ്സി സുപ്രീം കോടതിയിലെ അഡ്വൈസറി കമ്മിറ്റി ഓൺ ജുഡിഷ്യൽ കോണ്ടക്ട് സമർപ്പിച്ചത്.

തന്റെ അഞ്ചുവയസ്സുള്ള കുട്ടിയുടെ പിതാവായ മുൻ ഭർത്താവ് തന്നെ തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് യുവതി സമർപ്പിച്ച ഹർജ്ജിയിൽ വാദം കേൾക്കവേ 2016-ലാണ് സംഭവം നടന്നത്.

മറ്റൊരാൾ ലൈംഗികാതിക്രമത്തിനു ശ്രമിച്ചാൽ തടയേണ്ടതെങ്ങനെയാണെന്ന് നിങ്ങൾക്കറിയില്ലേയെന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം ഏറ്റെടുത്തുകൊണ്ടായിരുന്നു ജഡ്ജിയുടെ ഈ ചോദ്യം.

 • ജഡ്ജി: ഒരാൾ നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ എങ്ങനെയാണ് തടയേണ്ടത് എന്ന് നിങ്ങൾക്കറിയാമോ?
 • വാദി: അറിയാം
 • ജഡ്ജി: എങ്ങനെയാണത് ചെയ്യുക?
 • വാദി: ഞാൻ അവരെ എങ്ങനെയെങ്കിലും ശാരീരികമായി മുറിവേൽപ്പിക്കാൻ ശ്രമിക്കും.
 • വാദി: അവരോട് വേണ്ട എന്ന് പറയും.
 • ജഡ്ജി: പിന്നെ?
 • വാദി: അവരെ തടയും.
 • ജഡ്ജി: പിന്നെ?
 • വാദി: ഓടിരക്ഷപ്പെടാൻ ശ്രമിക്കും, അതേ എനിക്കറിയൂ.
 • ജഡ്ജി: നിങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ട് തടയില്ലേ?
 • വാദി: തടയും.
 • ജഡ്ജി: കാലുകൾ അടുപ്പിച്ച് വെച്ചുകൂടേ? പൊലീസിനെ വിളിച്ചുകൂടേ? നിങ്ങൾ ഇതിലേതെങ്കിലും ചെയ്തോ?

ജഡ്ജിയുടെ ഈ പ്രസ്താവന ജുഡിഷ്യറിയുടെ അന്തസത്തയ്ക്കും അന്തസിനും നിരക്കാത്തതാണെന്ന് കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.