വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് കാമുകിയുമായി ബൈക്കില്‍ ചുറ്റുന്നതിനിടെ അപകടം; അങ്ങനെ ഒരു ബന്ധം ബ്രേക്കപ്പായി; സംഭവം തൊടുപുഴയില്‍

single-img
5 April 2019

ഇന്നലെ രാവിലെ തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളജിന് സമീപമാണ് കളമശേരി സ്വദേശിയും (28) വടക്കന്‍ പറവൂര്‍ സ്വദേശിനിയും (24) അപകടത്തില്‍പെട്ടത്. വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ കമിതാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരും കാഞ്ഞാര്‍ സ്വദേശികളുമായ അമല്‍.പി.സുകുമാരന്‍, അബ്ദുല്‍ മനാഫ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

പൊലീസ് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് യുവാവ് വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ പ്രണയം അവസാനിപ്പിച്ചതായി യുവതി പറഞ്ഞു. വൈകിട്ട് അമ്മയും ബന്ധുക്കളും എത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടു പോയി.

യുവാവിന്റെ ബന്ധുക്കളും ആശുപത്രിയില്‍ എത്തി. മുട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം ഇയാളെയും നാട്ടിലേക്ക് കൊണ്ടു പോയി. കാലിന് സാരമായി പരുക്കേറ്റ യുവാവിനെ കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ കാലിനും പരുക്കുണ്ട്. മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.