ഷോപ്പിംഗിന് ശേഷം നോക്കുമ്പോള്‍ പേഴ്‌സ് എടുക്കാൻ മറന്നു; യുവതിയുടെ ബില്ലടച്ചത് പ്രധാനമന്ത്രി ; സോഷ്യൽ മീഡിയയില്‍ താരമായി വീണ്ടും ജസീന്ത

single-img
5 April 2019

വെല്ലിംഗ്ടണ്‍: തന്‍റെ പേഴ്‌സ് എടുക്കാൻ മറന്നത് കാരണം പണം അടക്കാൻ കഴിയാതെ നിന്ന യുവതിയുടെ ബില്ല് അടച്ച് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. തന്റെ രണ്ട് കുട്ടികളുമായാണ് യുവതി സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്.

ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിയതിന് ശേഷം നോക്കിയപ്പോഴാണ് പഴ്‌സ് എടുത്തില്ല എന്നവര്‍ തിരിച്ചറിഞ്ഞത്. എന്തുവേണം എന്നറിയാതെ നിന്ന ഈ അവസരത്തിലാണ് പ്രധാനമന്ത്രി അവര്‍ക്ക് സഹായവുമായി എത്തിയത്. യുവതി തന്നെയാണ്ഈ കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

കുട്ടികളുമായി എത്തി ഷോപ്പിംഗ് നടത്തിയ ശേഷം കൈവശം പണമില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി നേരിട്ടെത്തി സഹായിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചായിരുന്നു യുവതി ആഹ്ലാദം പങ്കുവച്ചത്. ഇതിനെ തുടര്‍ന്ന് സംഭവം ജസീന്തയും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ശരിവെച്ചു.

അവരും തന്നെപ്പോലെ ഒരു അമ്മ ആയതുകൊണ്ടാണ്‌ താന്‍ സഹായിച്ചതെന്ന് ജസീന്ത പ്രതികരിച്ചു. ജസീന്തയ്ക്കും രണ്ട് കുട്ടികളാണുള്ളത്. അധികാരത്തില്‍ ഉള്ളപ്പോള്‍ കുഞ്ഞിന് ജന്മം നല്‍കുന്ന ലോകത്തെ രണ്ടാമത്തെ ഭരണാധികാരികൂടിയാണ് ജസീന്ത.