തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂര മർദനത്തിനിരയായ സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

single-img
5 April 2019

കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിനാൽ ഏഴു വയസുകാരൻ ക്രൂരമായ മർദനത്തിനിരയായ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

അരുൺ ആനന്ദ് എന്ന വ്യക്തിയുടെ മനുഷ്യത്വരഹിതമായ ആക്രമണമാണ് രണ്ട് കുട്ടികൾക്കും നേരെയുണ്ടായതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളും കുട്ടിയെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരും നൽകുന്ന വിവരമനുസരിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള ഏഴ് വയസുള്ള മൂത്ത കുട്ടി ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുകയാണ്.

ഈ സംഭവത്തിൽ ഒരു കേവല നിയമ നടപടി എന്നതിനപ്പുറം ഭാവിയിൽ ഇത്തരം പ്രവണതകൾ തടയുന്നതിനും, കുട്ടികൾക്കെതിരായ ക്രൂരതകൾക്കെതിരെ ഫലപ്രദവും ശക്തവുമായ നടപടികൾ ഉറപ്പാക്കാനും കത്ത് സ്വമേധയാ ഹർജിയായി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. അതിനെ തുടർന്ന് പൊതുതാൽപര്യ ഹർജിയായി വിഷയം പരിഗണിച്ച് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.