കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രിയങ്ക ഗാന്ധിയുടെ ഉറക്കംകെടുത്തി മരപ്പട്ടിയുടെ വിളയാട്ടം; ഒതുക്കാന്‍ പൊലീസ് എത്തിയിട്ടും നടന്നില്ല; രാത്രി നാടകീയ രംഗങ്ങള്‍

single-img
5 April 2019

കോഴിക്കോട്; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം എത്തിയ സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കൂടിയായ പ്രിയങ്ക ഗാന്ധിയ്ക്ക് കേരളത്തിലെ ‘ആദ്യ രാത്രി’ അത്ര സുഖകരമായിരുന്നില്ല.

വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസിലെ സ്ഥിരതാമസക്കാരനായ മരപ്പട്ടിയാണ് പ്രിയങ്കയുടെ ഉറക്കം കെടുത്തിയത്. തട്ടിന്‍പുറത്തെ മരപ്പട്ടിയുടെ ഓടിക്കളി സഹിക്കാനാവാതെ പാതിരാത്രി ഹോട്ടല്‍ മാറുന്നതിനെക്കുറിച്ച് പോലും പ്രിയങ്ക ചിന്തിച്ചു. തുടര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രി നാടകീയ രംഗങ്ങളാണ് ഗസ്റ്റ് ഹൗസില്‍ അരങ്ങേറിയത്.

ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചര്‍ച്ചകള്‍ക്കുശേഷം പതിനൊന്നരയോടെയാണ് മുറിയില്‍ ഉറങ്ങാനെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ തട്ടിന്‍മുകളില്‍നിന്ന് ശബ്ദംകേട്ട് പ്രിയങ്ക ഉണര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

മരപ്പട്ടി തട്ടിന്മുകളില്‍ ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അസ്വസ്ഥയാക്കി. അല്‍പ്പനേരം പോലീസ് മരപ്പട്ടിയെ ഒതുക്കാന്‍ പ്രയത്‌നിച്ചെങ്കിലും കാര്യമുണ്ടായില്ല. അതോടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് പുലര്‍ച്ചെതന്നെ മാറാനുള്ള ആലോചനയായി.

അവിടേക്ക് പോകാന്‍ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തട്ടിന്മുകളില്‍നിന്ന് മാറിപ്പോയതോടെ ഗസ്റ്റ്ഹൗസില്‍തന്നെ തുടരാന്‍ തീരുമാനിച്ചു.

അപ്പോഴേക്കും സമയം പുലര്‍ച്ചെ നാലുമണി കഴിഞ്ഞിരുന്നു. രാത്രി ഉറക്കം നഷ്ടപ്പെട്ടെങ്കിലും രാവിലെ ആറിനുതന്നെ എഴുന്നേറ്റ് വയനാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പ്രിയങ്ക തുടങ്ങുകയുംചെയ്തു.