ആന്ധ്രാപ്രദേശിൽ കോൺഗ്രസിനു വോട്ടുകൂടും; പക്ഷേ സീറ്റ് ലഭിക്കില്ല: ഉമ്മൻചാണ്ടി

single-img
5 April 2019

വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റ് ലഭിക്കില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി നേതാവ് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ തവണ സംസ്ഥാനത്ത് പാര്‍ട്ടിക്ക് ലഭിച്ചത് രണ്ട് ശതമാനം വോട്ടുകളാണെന്നും എന്നാൽ ഇത്തവണ വോട്ടിംഗ് ശതമാനത്തില്‍ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സീറ്റ് ലഭിക്കില്ല. 2024ലാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  കേരളത്തില്‍ ബിജെപി ഇത്തവണ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശത്തെക്കാള്‍ മോശമായത് അതിനെ ന്യായീകരിച്ച സിപിഎം നേതാക്കളുടെ സമീപനമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. രാഹുലിനെതിരെ സിപിഎം നടത്തുന്ന വിമര്‍ശനം തരംതാണതാണെന്നും ബിജെപിയുടെ വാക്കുകള്‍ കടമെടുത്താണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഡാമുകള്‍ തുറന്നുവിട്ടത് സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.