നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ വയനാട്ടില്‍; സരിതയുടെ പത്രികയില്‍ തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റി

single-img
5 April 2019

കൊച്ചി: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. പ്രമുഖരായ സ്ഥാനാർത്ഥികളുടെ പത്രികയെല്ലാം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തൃശൂര്‍ മണ്ഡലത്തില്‍ രണ്ടു സ്വതന്ത്രരുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളി.

എറണാകുളത്തും വയനാട്ടിലും സ്വതന്ത്രയായി മത്സരിക്കുന്ന സരിത എസ് നായരുടെ പത്രികയെ സംബന്ധിച്ച തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിവച്ചു. സരിതയ്ക്ക് എതിരെയുള്ള ചില കേസുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാത്തതിനാലാണ് നടപടി.

വരുന്ന തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി. അതിന് ശേഷമാണ് ഓരോ മണ്ഡലത്തിലും എത്ര സ്ഥാനാർഥികളുണ്ടെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകുക. ഇപ്പോഴുള്ള റിപ്പോർട്ട് പ്രകാരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത്. 22 പേരാണ് വയനാട്ടിലുള്ളത്. ഇതില്‍ രണ്ടു പേർ രാഹുൽ ഗാന്ധിയുടെ അപരന്മാരാണ്. 21 സ്ഥാനാർത്ഥികളുമായി ആറ്റിങ്ങൽ മണ്ഡലം രണ്ടാം സ്ഥാനത്തുണ്ട്. എട്ട് പേര്‍ മാത്രമുള്ള ഇടുക്കിയിലാണ് ഏറ്റവും കുറച്ചുപേർ മത്സരിക്കുന്നത്.