നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭവാദം തുടങ്ങി: രഹസ്യ വിചാരണ വേണമെന്ന് പ്രത്യേക കോടതി

single-img
5 April 2019

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണ നടത്താമെന്ന് എറണാകുളം സി.ബി.ഐ വിചാരണ കോടതി ഉത്തരവ്. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് കോടതി തീരുമാനം. രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ഹാജരാക്കപ്പെട്ട രേഖകള്‍ പ്രതിക്ക് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ചു.

ദിലീപ് ആവശ്യപ്പെട്ട രേഖകള്‍ കൈമാറാമെന്നും അതില്‍ തടസമില്ലെന്നും അറിയിച്ചു. ഏതൊക്കെ രേഖകളാണ് കൈമാറാന്‍ കഴിയാത്തതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണക്ക് മുന്നോടിയായി പ്രാഥമിക വാദം കേള്‍ക്കല്‍ തുടങ്ങി.

ദീലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നു. പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികള്‍ക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോ എന്ന കാര്യം കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കോടതി കടക്കൂ.

കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ദിലീപിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മുന്‍പാകെ വന്നിരുന്നു. ഇത് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു.