സ്റ്റിംഗ് ഓപ്പറേഷനു പിന്നിൽ സിപിഎമ്മാണെന്ന് തെളിയിക്കാൻ രാഘവനെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടറി

single-img
5 April 2019

ഒളിക്യാമറ ഓപ്പറേഷന് പിന്നിൽ സി പി എം ആണെന്ന ആരോപണം തെളിയിക്കാൻ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. രാഘവന്റെ കരച്ചിൽ നാടകം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നും സി പി എം ജില്ല സെക്രട്ടറി ആരോപിച്ചു.

5 കോടി രൂപയുടെ ഓഫർ സ്വീകരിച്ചതെന്തിനെന്ന് രാഘവന്‍ വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവൻ തുറന്നു പറയണമെന്നും പി മോഹനന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് നേതാക്കള്‍ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ഗൂഢാലോചനയെകുറിച്ച് എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ പുറത്തുവിടണമെന്നും മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

രാഘവനോട് സി പി എമ്മിന് വ്യക്തിവിരോധമില്ല. ഉണ്ടായിരുന്നെങ്കിൽ അഗ്രിൻകോയിലെ റവന്യൂ റിക്കവറി ഇടത് സർക്കാർ ഒഴിവാക്കി കൊടുക്കുമായിരുന്നോയെന്ന് ചോദിച്ച പി.മോഹനന്‍ എം.കെ രാഘവനെതിരെ ഇനിയും വെളിപ്പെടുത്തലുകൾ വരുമെന്നാണ് കേൾക്കുന്നതെന്നും പറഞ്ഞു.

അതേസമയം, എംകെ രാഘവന് എതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ഒളിക്യാമറാ വിവാദം സിപിഐഎം ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചു. രാഘവനെ എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പ് സമയത്തെ ഇത്തരം ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.