മരണം വരെ സംഭവിക്കാമായിരുന്ന അവസ്ഥയിലായിരുന്നു ബെന്നി ബെഹ്‌നാന്‍ എന്ന് ഡോക്ടര്‍മാര്‍; ഇന്നസെന്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു

single-img
5 April 2019

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

ബന്ധുക്കളോടും ഡോക്ടര്‍മാരോടും അദ്ദേഹത്തിന്റെ രോഗവിവരത്തെക്കുറിച്ച് ആരാഞ്ഞ ശേഷമാണ് ഇന്നസെന്റ് ആശുപത്രി വിട്ടത്. ബെന്നിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് എത്രയും വേഗം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ കഴിയട്ടെ എന്നും ഇന്നസെന്റ് ആശംസിച്ചു.

അതേസമയം, ബെന്നി ബെഹ്‌നാന്റ ഹൃദയധമനികളിലൊന്നില്‍ 90 ശതമാനവും രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരണം വരെ സംഭവിക്കാമായിരുന്ന അവസ്ഥയിലായിരുന്നു ബെന്നി ബെഹ്‌നാന്‍ എന്നും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനായത് ഗുണകരമായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കാക്കനാടുള്ള സണ്‍റൈസേഴ്‌സ് ആശുപത്രിയിലാണ് ബെന്നി ബെഹ്‌നാനെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് 90 മിനിറ്റുള്ളില്‍ ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതിനാല്‍ ആരോഗ്യനില പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ സാധിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് ബെന്നി ബെഹ്‌നാന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെന്നി ബെഹ്‌നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രചാരണ തിരക്കുകള്‍ കഴിഞ്ഞ് രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതിന് ശേഷമാണ് അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ഡോക്ടര്‍ ബാലകൃഷ്ണന്‍, ഡോക്ടര്‍ ബ്ലെസന്‍ വര്‍ഗീസിന്റെയും നേതൃത്വത്തിലാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്.