നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു; അവതരിപ്പിക്കുന്നത് ജയസൂര്യ

single-img
5 April 2019

മലയാള സിനിമയിലെ ഭാവാഭിനയ ചക്രവര്‍ത്തിയായിരുന്ന സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. നടന്‍ ജയസൂര്യ ആണ് സത്യനായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിക്കുക. വിജയ് ബാബു തന്റെ അച്ഛന്‍ സത്യന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന് മകന്‍ വെളിപ്പെടുത്തി.

വലിയ ബജറ്റിലായിരിക്കും സിനിമ ഒരുങ്ങുകയെന്നാണ് പ്രാഥമിക സൂചന. നിലവില്‍ ഈ ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടന്‍തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ്കരുതപ്പെടുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത് സത്യനാണ്. മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന നീലക്കുയില്‍, ചെമ്മീന്‍, മുടിയനായ പുത്രന്‍, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ധാരാളം ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സത്യന്‍.